BUSINESS

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ ആപ്പുകൾ പണിയെടുക്കും, ‘നെറ്റില്ലാത്ത ഗൂഗിൾപേ’യ്ക്ക് ടെക്നോളജി വരുന്നു


ഇനി ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താം. വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ഡിവൈസുകളിലും സ്മാർട്ട് ഫോണിലും ഈ സൗകര്യം ഉടൻ ഉപയോഗിക്കാനായേക്കും. പിഒഎസിലും ഉപഭോക്താവിന്റെ സ്മാർട്ട് ഫോണിലും ഇന്റർനെറ്റ് ഇല്ലെങ്കിലും പണം കൈമാറ്റം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിക്കുകയാണ്. ഓഫ്‍ലൈൻ ഇടപാട് നടത്താനാവുന്ന പിഒഎസ് യന്ത്രങ്ങൾക്ക് ഈ വർഷം മുതൽ എൻപിസിഐ അനുമതി നൽകുമെന്നാണ് വിവരം. മൊബൈൽ ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതിക വിദ്യ ഉപയോഗിച്ച് പിഒഎസിൽ ‘ടാപ്’ ചെയ്ത് പണമടയ്ക്കുന്ന രീതിയാണ് വരുന്നത്. പരമാവധി 2000 രൂപ വരെയായിരിക്കും ഇങ്ങനെ കൈമാറ്റം ചെയ്യാനാവുക.‍ എൻഎഫ്സി സാങ്കേതിക വിദ്യയുള്ള സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് യുപിഐ ആപ്പിലൂടെ ഓഫ്‍ലൈനായി പണം അയയ്ക്കാനുള്ള സൗകരം 2023 മുതൽ നിലവിലുണ്ട്. സമാന മാതൃകയിലായിരിക്കും പുതിയ സംവിധാനവും വരുന്നത്. ഇത് ഇന്റർനെറ്റ് ലഭ്യമല്ലാത്ത മേഖലകളിലെ വ്യാപാരികൾക്ക് ഏറെ ആശ്വാസകരമാകും. വിമാനങ്ങൾ, ഭൂഗർഭ റെയിൽ തുടങ്ങിയ സ്ഥലങ്ങളിലും ഇത് ഉപകാരമാകും. ഉപഭോക്താക്കൾ ഇന്റർനെറ്റ് കണക്ഷനുള്ളപ്പോൾ യുപിഐ ലൈറ്റ് സംവിധാനം വഴി വാലറ്റിലേക്ക് പണം ചേർക്കണം. തുടർന്ന് പിൻ ഉപയോഗിക്കാതെ തന്നെ പിഒഎസിൽ ടാപ് ചെയ്ത് പണം അയയ്ക്കാവുന്നതാണ്. ഇന്റർനെറ്റ് കണക്ഷൻ പുനസ്ഥാപിക്കുമ്പോൾ പിഒഎസ് ഡിവൈസിൽ നിന്ന് ഈ പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടും. എൻപിസിഐയുടെ അന്തിമ അനുമതി ലഭിച്ചാൽ ബാങ്കുകളും യുപിഐ ആപ്പുകളും ഇതിനു വേണ്ട സോഫ്റ്റ്‍വെയർ അടക്കമുള്ളവ നിർമിക്കുന്നതിലേക്ക് കടക്കുമെന്നും വിവരം.


Travel ⏭️

Back to top button