BUSINESS
ഗ്യാസ് ബുക്കിങിന് പുതിയ നിയന്ത്രണം, രണ്ട് ദിവസം ലേറ്റായാൽ വീണ്ടും ബുക്ക് ചെയ്യണം, ഓണക്കാലത്ത് സിലിണ്ടർ ക്ഷാമമെന്ന് ആശങ്ക

തിരുവനന്തപുരം ∙ ഏജൻസികളിൽ നിന്നു പാചകവാതക സിലിണ്ടർ വിതരണം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന രീതി ആരംഭിച്ചതോടെ കേരളത്തിലെ ഉപയോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ. ഓണക്കാലമെത്തുന്നതോടെ എൽപിജി സിലിണ്ടർ ക്ഷാമത്തിനു ഇതു കാരണമാകുമെന്നും ആശങ്കയുണ്ട്.ഉപയോക്താക്കൾ ബുക്ക് ചെയ്ത ശേഷം 2 ദിവസം കഴിഞ്ഞും ഏജൻസി വിതരണം ചെയ്തില്ലെങ്കിൽ, എണ്ണക്കമ്പനി തന്നെ ബുക്കിങ് റദ്ദാക്കുന്നതാണ് ഇപ്പോഴത്തെ രീതി. പ്രതിദിനം 3000 സിലിണ്ടറുകൾ വരെ ഇങ്ങനെ റദ്ദാക്കപ്പെടുന്നതായി ഏജൻസികളുമായി ബന്ധപ്പെട്ടവർ ‘മനോരമ’യോടു പറഞ്ഞു.ഇതോടെ ഉപയോക്താവ് വീണ്ടും ബുക്കിങ് നടത്തണം. ഇതു മനസ്സിലാക്കാതെ വിതരണ ഏജൻസികളും ഉപയോക്താക്കളും തമ്മിൽ അവരുടെ ഓഫിസുകളിലും വിതരണ ജീവനക്കാരുമായി തർക്കം പതിവായി. ബിപിസിഎല്ലിനു കീഴിലുള്ള ഏജൻസികളിലാണ് കൂടുതൽ പ്രശ്നങ്ങൾ. ബിപിസിഎല്ലിനു മാത്രം കേരളത്തിൽ നാനൂറോളം ഏജൻസികളുണ്ട്. കാലവർഷക്കെടുതിയും പ്രളയവും മറ്റു സാഹചര്യങ്ങളും കാരണം ബുക്ക് ചെയ്ത എല്ലാവർക്കും 2 ദിവസത്തിനകം സിലിണ്ടർ വിതരണം പൂർത്തിയാക്കുക അസാധ്യമാണെന്നാണ് ഏജൻസി അധികൃതരുടെ വാദം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു നടപടിയെന്നു പറയുന്നുണ്ടെങ്കിലും അത്തരം രേഖാമൂലമുള്ള നിർദേശങ്ങളൊന്നും നിലവിലില്ല. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ബിപിസിഎല്ലിന്റെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.ഇതു കൂടാതെ, സിലിണ്ടർ ബുക്ക് ചെയ്യാൻ ഗ്രാമീണ മേഖലകളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവും എന്ന നിയന്ത്രണവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല. നഗരങ്ങളായി മാറിയ പ്രദേശങ്ങളിലെ ഏജൻസികളെ ഇപ്പോഴും മുൻകാല രേഖകളുടെ അടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയായി വിലയിരുത്തിയുള്ള നിയന്ത്രണങ്ങൾ മൂലം ആവശ്യത്തിന് സിലിണ്ടർ ലഭിക്കുന്നില്ലെന്നാണു പരാതി.
Travel ⏭️


