BUSINESS
മഴ തുണച്ചു, ബോട്ടുകൾ നിറയെ കിളിമീനും കണവയും കിനാവള്ളിയും, പതിവു തെറ്റിച്ച് കോടികളുടെ ചെലവിൽ പുതിയ ബോട്ടുകൾ

വൈപ്പിൻ∙ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയ മത്സ്യബന്ധന ബോട്ടുകൾക്ക് മഴ തുണയായി. മഴ പെയ്തതോടെ കടലിൽ നിന്ന് കിളിമീനും കണവയും കിനാവള്ളിയും വൻതോതിൽ ലഭിച്ചുതുടങ്ങി. മഴ തീരെ കുറവായിരുന്ന ജൂൺ, ജൂലൈ മാസങ്ങളിലെ അവസ്ഥ തുടർന്നിരുന്നെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നുവെന്ന് കടൽ മത്സ്യബന്ധന മേഖലയിലുള്ളവർ പറയുന്നു.നിരോധനത്തിനു ശേഷമുള്ള ആദ്യ കടൽ യാത്രകളിൽ ബോട്ടുകൾക്ക് സ്ഥിരമായി ലഭിക്കാറുള്ള കിളിമീനിന്റെ കാര്യത്തിൽ ഇക്കുറിയും മാറ്റമില്ല. വലുപ്പം കുറവാണെങ്കിലും വിലയിൽ ആ കുറവില്ല. ആദ്യദിനങ്ങളിൽ കിലോഗ്രാമിന് 250 രൂപയ്ക്ക് വരെ വിറ്റുപോയ കിളിമീനിന് ഇപ്പോൾ 140–160 രൂപയാണു വില. തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിലെ മാർക്കറ്റുകളിലേക്കും കേരളത്തിലെ ഹാർബറുകളിൽ നിന്നുള്ള കിളിമീൻ എത്തുന്നു. ഓരോ ദിനവും ലഭ്യത വർധിച്ച് ഹാർബറുകളെയാകെ ചുവപ്പു രാശിയിലാക്കുന്നതാണ് കിളിമീനിന്റെ പതിവ്. ലഭ്യത മെച്ചപ്പെട്ടാൽ വില താഴും. മറ്റിനം മീനുകൾ എത്തിത്തുടങ്ങിയാൽ ഡിമാൻഡ് ഇടിയും. അതോടെ പൊടിക്കുന്ന ആവശ്യത്തിന് കുറഞ്ഞ വിലയ്ക്ക് മീനെടുക്കുന്ന ഏജന്റുമാരെത്തും.അതേസമയം, കണവയും കിനാവള്ളിയും നാട്ടിൽ കിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളാണ് പ്രധാന വിപണി. കണവയ്ക്ക് നിലവിൽ ഹാർബറുകളിൽ ലഭിക്കുന്നത് കിലോഗ്രാമിന് 600 രൂപയാണ്. കിനാവള്ളിക്ക് 500 രൂപയും.കാറ്റിലും കോളിലും കടൽ ഇളകി മറിഞ്ഞാൽ കൂട്ടമായി എത്തേണ്ട കരിക്കാടി, പൂവാലൻ ചെമ്മീനുകൾ വൈകാതെ ദൃശ്യമായിത്തുടങ്ങുമെന്നാണ് ബോട്ടുകളുടെ പ്രതീക്ഷ. മീനിന്റെ കൂട്ടത്തിൽ കിളി കഴിഞ്ഞാലുള്ള ഊഴം തളയൻ എന്നും പാമ്പാടയെന്നും വിളിപ്പേരുള്ള റിബൺ ഫിഷിന്റേതാണ്. പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾക്കപ്പുറം സംസ്ഥാനത്തെ മറ്റ് ഹാർബറുകളിലും ഏതാണ്ട് ഇതേ രീതിയിൽ തന്നെയാണ് നിലവിലെ മത്സ്യലഭ്യത.ഏതാനും വർഷങ്ങളായി മത്സ്യലഭ്യതയിൽ ആശങ്കകളുണ്ടെങ്കിലും ഇക്കുറി പൊതുവേ ഭാഗ്യ പരീക്ഷണത്തിന്റെ മൂഡിലായിരുന്നു ഫിഷിങ് ബോട്ട് മേഖല. അറ്റകുറ്റപ്പണികൾക്കും വല വാങ്ങുന്നതിനുമെല്ലാം സൂക്ഷിച്ച് പണം ചെലവിടുന്നതായിരുന്നു മുൻകാലങ്ങളിൽ ട്രോളിങ് നിരോധനത്തിനു മുൻപുള്ള കാഴ്ചയെങ്കിൽ ഇക്കുറി കോടിക്കണക്കിന് രൂപ ചെലവിട്ട് ഒട്ടേറെ പുതിയ ബോട്ടുകളാണ് നീരണഞ്ഞത്.
Travel ⏭️


