BUSINESS
ഓൺലൈൻ ഓർഡറിനൊപ്പം ഫ്രീയായി ‘ലഹരിച്ചെടി’; ആമസോണിനും ഇൻസ്റ്റമാർട്ടിനും ബിഗ് ബാസ്ക്കറ്റിനും പൂട്ടിട്ട് കർണാടക

ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയവയുടെ ഫുഡ് ലൈസൻസ് റദ്ദാക്കി കർണാടക സർക്കാർ. മനുഷ്യന് ഹാനികരമായ ദത്തൂര ചെടിയുടെ (ഉമ്മത്തിൻ കായ) കായും വിത്തുകളും ഓൺലൈനായി വിൽക്കാൻ വച്ചതാണ് കാരണം. ഭക്ഷ്യവസ്തുവായി ഇത് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്ലാറ്റ്ഫോമുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനും കർണാടക ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. അപകടകരമായ വസ്തുക്കൾ ഓൺലൈനിലൂടെ വിൽക്കുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദത്തൂര ഉൾപ്പെടയുള്ളവ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും എതിരെ വകുപ്പ് നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിൽ ദത്തൂര വിൽപ്പനയ്ക്കുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഫുഡ് സേഫ്റ്റി ആൻ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) രജിസ്ട്രേഷനും ലൈസൻസ് നമ്പരും ഉൾപ്പെടെയായിരുന്നു ചില പ്ലാറ്റ്ഫോമുകളിൽ വിൽപന. തുടർന്നു നടന്ന തെളിവെടുപ്പിൽ ആമസോൺ വിശദീകരണം നൽകിയില്ല. കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു ഇൻസ്റ്റമാർട്ടിന്റെ പ്രതികരണം. ഉമ്മത്തിൻകായയുടെ വിൽപന അവസാനിപ്പിച്ചതായി ബിഗ് ബാസ്ക്കറ്റ് വ്യക്തമാക്കി. ഭക്ഷ്യവസ്തുവല്ലെന്നും പൂജ ആവശ്യങ്ങൾക്കുള്ളതാണെന്നും പ്ലാറ്റ്ഫോമുകളിൽ രേഖപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഈ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നു കണ്ടാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഫുഡ് ലൈസൻസ് റദ്ദാക്കാനാണ് ഉത്തരവ്. മതിയായ വിശദീകരണം നൽകിയാൽ തീരുമാനം പുനപരിശോധിക്കും. ഇത്തരം വസ്തുക്കളുടെ ഉൽപാദകർക്കും വിതരണക്കാർക്കും മുന്നറിയിപ്പ് നൽകിയതായും ഉത്തരവിൽ പറയുന്നു. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഉമ്മത്തിൻ കായ കഴിക്കുന്നത് ജീവനു തന്നെ ഹാനികരമാണ്. എന്നാൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുമായി കൂട്ടിക്കലർത്തി ഇവ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ലഹരിയുടെ തീവ്രത കൂട്ടാനാണിത്. അതേസമയം, ഇൻസ്റ്റാർട്ടിലെ ചില ഓർഡറുകൾക്കൊപ്പം സൗജന്യ സമ്മാനം എന്ന പേരിൽ ഉമ്മത്തിൻ കായ വിതരണം ചെയ്യുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി.ഖാദർ പറഞ്ഞു. ഇത് ഒരു കുട്ടി കഴിക്കാൻ ഇടയായി. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Travel ⏭️


