BUSINESS
പുട്ടിന്റെ ഡിസ്കൗണ്ട് ‘മുതലെടുത്ത്’ ഇന്ത്യ, ജൂണിൽ റെക്കോർഡ്, പകരം വില്‍ക്കുന്നത് ‘ഇന്ത്യൻ പെട്രോൾ’, ഇടിത്തീയാവാൻ യുഎസ് നീക്കം

ഡിസ്കൗണ്ട് നിരക്കിൽ ക്രൂഡോയിൽ വിൽക്കാനുള്ള റഷ്യൻ തീരുമാനം മുതലെടുത്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ. യുക്രെയ്ന്റെ കടുത്ത ഡ്രോണാക്രമണത്തിനിടയിലും റഷ്യയിൽ നിന്നുള്ള ഇന്ത്യയുട ക്രൂഡോയിൽ ഇറക്കുമതി ജൂണിൽ റെക്കോർഡിലെത്തിയെന്ന് കണക്കുകൾ. തൊട്ടുമുൻപുള്ള മാസത്തേക്കാൾ 34 ശതമാനമാണ് ജൂണിലെ എണ്ണ ഇറക്കുമതി കൂടിയതെന്നാണ് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) കണക്ക്. ഏകദേശം 49,000 കോടി രൂപയുടെ റഷ്യൻ ക്രൂഡോയിലാണ് ഇന്ത്യ ജൂണിൽ വാങ്ങിയത്. ചൈന കഴിഞ്ഞാൽ റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങിയ രാജ്യവും ഇന്ത്യയാണ്. മേയ് മാസത്തേക്കാളും ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതി 5.4 ശതമാനവും വർധിച്ചിട്ടുണ്ട്. കൊച്ചിയിലെ ഭാരത് പെട്രോളിയം കോർപറേഷന്റെ റിഫൈനറിയിലേക്ക് റഷ്യയിൽ നിന്നു വന്ന ക്രൂഡിന്റെ അളവിൽ 83% വർധനയുണ്ടായി. റിലയൻസിന്റെ ജാംനഗർ റിഫൈനറി 150% വർധന രേഖപ്പെടുത്തി. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാരദ്വീപ് റിഫൈനറി 126 ശതമാനവും നയാരയുടെ വാഡിനാർ റിഫൈനറി 45 ശതമാനവും കൂടുതൽ റഷ്യൻ ക്രൂഡ് സ്വീകരിച്ചെന്നും കണക്ക്. ഇത് റഷ്യയുടെ ക്രൂഡോയിൽ കയറ്റുമതിയിൽ 14% വർധനയുണ്ടാക്കാൻ സഹായിക്കുകയും ചെയ്തു. അതിനിടെ, ആവശ്യത്തിലധികം എണ്ണക്കപ്പലുകൾ ലഭ്യമാണെന്നത് റഷ്യയിൽനിന്നു ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനുള്ള ചെലവിൽ വലിയ കുറവുണ്ടാക്കിയെന്നും കണക്കുകൾ പറയുന്നു. ബാൾട്ടിക് തുറമുഖമായ പ്രിയോമോസ്കിൽ നിന്ന് ഇന്ത്യയിലേക്ക് 1.4 ലക്ഷം ടൺ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ 15 ദശലക്ഷം ഡോളർ ചെലവുണ്ടായിരുന്നു. നിലവിൽ ഇത് 10 ദശലക്ഷം ഡോളറായി കുറഞ്ഞു. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയുന്ന സാഹചര്യമുണ്ടായാൽ കപ്പൽ നിരക്കുകൾ വീണ്ടും ഉയരുമെന്നും വിദഗ്ധർ പറയുന്നു. പകരം പെട്രോൾയുക്രെയ്ൻ ഡ്രോണാക്രമണത്തിൽ എണ്ണശുദ്ധീകരണ ശാലകളിൽ വലിയ നാശനഷ്ടമുണ്ടായതോടെ ഇന്ത്യയിൽനിന്നുള്ള റഷ്യയുടെ പെട്രോൾ ഇറക്കുമതി വർധിപ്പിച്ചതായും റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ എണ്ണയുൽപാദക രാജ്യമായിരുന്നിട്ടും രൂക്ഷമായ ഇന്ധന പ്രതിസന്ധിയാണ് റഷ്യ അനുഭവിക്കുന്നത്. യുക്രെയ്ൻ ആക്രമണത്തിൽ എണ്ണശുദ്ധീകരണ ശേഷിയുടെ നാലിലൊന്ന് റഷ്യയ്ക്ക് നഷ്ടമായിരുന്നു. ഇതോടെ, ക്രൂഡോയിൽ ഉൽപാദിപ്പിക്കാമെങ്കിലും ഇതു ശുദ്ധീകരിക്കാനുള്ള ശേഷി റഷ്യയ്ക്കില്ല. ഇതു മറികടക്കാൻ രക്ഷയ്ക്കെത്തിയത് ഇന്ത്യയിലെ എണ്ണക്കമ്പനികളാണെന്നാണ് വിവരം. എന്നാൽ നേരിട്ടുള്ള വിൽപനയ്ക്ക് പകരം രാജ്യാന്തര ഇടപാടുകാരെ ഇടനിലക്കാരാക്കിയാണ് റഷ്യ ഇന്ത്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. ഇന്ത്യൻ എണ്ണക്കമ്പനികൾ നേരിട്ട് റഷ്യയുമായി എണ്ണക്കച്ചവടം ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. റഷ്യൻ ഓഹരി പങ്കാളിത്തമുള്ള നയാര എനർജി ശുദ്ധീകരിച്ച പെട്രോൾ, പതിവു വ്യാപാര പാത ഒഴിവാക്കി റഷ്യയിലേക്ക് പോകുന്നുണ്ടെന്നാണ് വിവരം. ഇടിത്തീയാവാൻ യുഎസ് നീക്കം
Source link


