NEWS

മലയാളികളുടെ ജീവനെടുക്കാൻ ശേഷി: ‘സാധനം’ എത്തിക്കുന്നത് തമിഴ്‌നാടും കർണാടകയും, സർക്കാർ കണ്ണടയ്ക്കുന്നു

കോഴിക്കോട്: പരിശോധന ചടങ്ങാക്കി സർക്കാർ കണ്ണടയ്ക്കുമ്പോൾ പച്ചക്കറികളിൽ വിഷപ്രയോഗം കൂടുന്നു. പലവ്യഞ്ജനവും സുരക്ഷിതമല്ല. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ കൂടുതലുമെത്തുന്നത്. മോണോ ക്രോട്ടോഫോസ്, സെെപ്പർ മെത്രിൻ പോലെ ക്യാൻസറിന് സാദ്ധ്യതയുള്ള കീടനാശിനികളാണ് പ്രയോഗിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ വെള്ളായണി കാർഷിക കാേളേജ് ലാബിലാണ് പരിശോധിക്കുന്നത്.

മൂന്ന് മാസത്തിലൊരിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർ നടപടി ഒന്നുമില്ല. കഴിഞ്ഞമാസം ഒമ്പത് മാർക്കറ്റുകളിൽ നിന്നെടുത്ത കാരറ്റിൽ നാലിലും ഉയർന്ന അളവിൽ കീടനാശിനി സ്ഥിരീകരിച്ചു. വിഷാംശമില്ലാത്ത മല്ലിയില കണ്ടെത്താനാവില്ല. വെളുത്തുള്ളിയിലും നെല്ലിക്കയിലും വരെ കീടനാശിനി തളിക്കുന്നുണ്ട്. വിഷരഹിത പഴം- പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതി വിജയം കണ്ടില്ല. ജെെവ പച്ചക്കറിത്തോട്ടത്തിലും കീടനാശിനി ഉപയോഗിച്ചില്ലെങ്കിൽ വിളനഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു. കായ്ഫലവും കുറയും. ജെെവമെന്ന പേരിൽ വിൽക്കുന്നതിൽ പലതും വ്യാജവുമാണ്.

വിഷത്തിൽ മുക്കുന്നു

ഒരു ലിറ്റർ വെള്ളത്തിൽ പരമാവധി ഒരു മില്ലി ലിറ്റ‌‌ർ/ഗ്രാം കീടനാശിനിയാണ് അനുവദനീയം(.01 പി.പി.എം). കോട്ടയം, കോഴിക്കോട്, തൃശൂർ മാർക്കറ്റുകളിലെ ബീറ്റ്റൂട്ട്, ബീൻസ്, നാരങ്ങ, ആപ്പിൾ സാംപിളുകളിൽ 2.59 ശതമാനം കീടനാശിനി കണ്ടെത്തി. പാലക്കാട്, പത്തനംതിട്ട, കാസർകോട് ജില്ലകളിലെ സാംപിളുകളിൽ 2.20 ശതമാനമാണ് വിഷാംശം. ബീറ്റ്റൂട്ടിലും ബജിമുളകിലുമായിരുന്നു കൂടുതൽ. പെരുംജീരകം, ജീരകം, ഉണക്കമുളക്, മല്ലി തുടങ്ങിയ പലവ്യഞ്ജനങ്ങളും സുരക്ഷിതമല്ല.

വിഷാംശം കളയാൻ

1 ഉപയോഗിക്കും മുൻപ് വിനാഗിരിയോ ബേക്കിംഗ് സോഡയോ ചേർത്ത വെള്ളത്തിൽ ഇട്ടുവയ്ക്കണം

2 പുളിവെള്ളം, മഞ്ഞൾപ്പൊടി ചേർത്ത വെള്ളം എന്നിവയും ഫലപ്രദം. മുറിച്ചിടാവുന്നവ അങ്ങനെ ചെയ്യണം

3 അര മണിക്കൂറിന് ശേഷം രണ്ടു മൂന്നു വട്ടം നന്നായി കഴുകിയാൽ വിഷാംശം നല്ലൊരളവും പോകും

4 പലവ്യഞ്ജനം, അരി, ഗോതമ്പ് എന്നിവ പൊടിക്കും മുമ്പ് നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കണം

English Summary

High levels of pesticides, including cancer-causing Monocrotophos and Cypermethrin, are prevalent in vegetables and groceries, mainly from Tamil Nadu and Karnataka. Food safety officials’ tests at Vellayani Agricultural College confirm residues; 4 of 9 carrot samples, beetroot, and bajji chili showed high levels. Despite quarterly reports, follow-up action on these findings is reportedly lacking.
RELATED TOPICS: VEGETABLE PESTICIDE, PESTICIDE IN VEGETABLES, FOOD SAFETY KERALA, VEGETABLE POISONING, PACHAKKARI VISHAM

Read News ⏭️

Back to top button