BUSINESS
ലിബറേഷൻ ആർമിക്ക് ഇന്ത്യയുടെ മറുപടി? ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ് അതിർത്തിയിലേക്ക് വമ്പൻ റെയിൽവേ ശൃംഖലയുമായി ഇന്ത്യ

ദോക് ലായിൽ 2017ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം വന്നതിനുശേഷം അതിർത്തിയിൽ നിർമാണപ്രവൃത്തികൾ സജീവമാക്കിയ ചൈനയ്ക്ക് കനത്ത മറുപടി കൊടുക്കാൻ ഇന്ത്യ. അതിർത്തിയിൽ സൈനിക ആവശ്യത്തിനുമുള്ള വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും നിർമിക്കുന്ന ചൈനീസ് നീക്കത്തിന് ബദലായി റെയിൽവേ ശൃംഖല ശക്തമാക്കാനാണ് ഇന്ത്യയുടെ പദ്ധതി. ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ് അതിർത്തിയിലേക്കു നീളുന്ന വമ്പൻ റെയിൽവേ പദ്ധതിക്കായി 45,000 കോടി രൂപയാണ് ഇന്ത്യ ചെലവാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 18-24 മാസത്തിനകം പുത്തൻ ട്രാക്കുകൾ, പ്ലാറ്റ്ഫോമുകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവയാണ് സജ്ജമാക്കുക. അസം, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിലെ ശൃംഖലയാണ് ശക്തിപ്പെടുത്തുന്നത്.അടുത്ത രണ്ടുവർഷത്തേക്കുള്ള ഇന്ത്യയുടെ മൊത്തം റെയിൽവേ വിപുലീകരണ പദ്ധതിയിൽ 22 ശതമാനവും അതിർത്തികളുമായി ബന്ധപ്പെട്ടതാണെന്ന് ഇതു സംബന്ധിച്ച ബ്ലൂംബെർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതിർത്തിയിൽ ചൈന പ്രകോപനമുണ്ടാക്കിയതിനെ ഇന്ത്യ ഗൗരവത്തോടെയാണ് കണ്ടത്. കഴിഞ്ഞവർഷം പാക്കിസ്ഥാനുമായും സംഘർഷമുണ്ടായി. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്ഥിരതയെയും ഇന്ത്യ കരുതലോടെ നോക്കുന്നു. ദോക് ലായെച്ചൊല്ലി ചൈനയും ഭൂട്ടാനും തമ്മിലും തർക്കമുണ്ട്. വാണിജ്യം, സൈനികം, യാത്രാ സർവീസ് എന്നീ ആവശ്യങ്ങളിൽ ഊന്നുന്നതായിരിക്കും അതിർത്തികളിലേക്കുള്ള റെയിൽവേ ശൃംഖലയുടെ വിപുലീകരണം. നേപ്പാളിലേക്ക് ആദ്യ വാണിജ്യ ട്രെയിൻ സർവീസിന് തുടക്കമിട്ട് ഇന്ത്യ കഴിഞ്ഞവാരം പുതിയ അധ്യായം തുറന്നിരുന്നു. കൊൽക്കത്ത തുറമുഖത്തുനിന്ന് നേപ്പാളിലെ ബിരാട്നഗർ യാഡ് വരെ നേരിട്ടുള്ള സർവീസാണിത്. ഇന്ത്യയിലെയും നേപ്പാളിലെയും കയറ്റുമതി-ഇറക്കുമതിക്കാർക്ക് വലിയ പ്രയോജനം കിട്ടുന്ന സർവീസാണിത്.ഹിമാലയൻ അതിർത്തികൾ, സിലിഗുഡി ഇടനാഴി, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ ‘കണക്ടിറ്റി’ മെച്ചപ്പെടുത്തണമെന്ന പദ്ധതിക്ക് നരേന്ദ്ര മോദി സർക്കാർ രൂപംനൽകിയിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനുമായുള്ള അതിർത്തിയിലേക്ക് റോഡ് ശൃംഖല മെച്ചപ്പെടുത്തിയിരുന്നു.കശ്മീരിൽ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലം കഴിഞ്ഞവർഷം തുറക്കുകയും ചെയ്തിരുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദശാബ്ദത്തിനിടെ പുതുതായി ചേർത്തത് 1700 കിലോമീറ്റർ റെയിൽവേ ശൃംഖലയുമാണ്.
Travel ⏭️


