BUSINESS
പാക്കിസ്ഥാനെ ‘വിശ്വസിക്കാൻ കൊള്ളില്ല’, ഇന്ത്യയുമായി കൂടുതൽ അടുക്കാൻ അഫ്ഗാൻ, നിർണായകമായത് ചബാഹർ തുറമുഖം

ഇന്ത്യയുമായി കൂടുതൽ വ്യാപാര, നിക്ഷേപ ബന്ധം സ്ഥാപിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാല വ്യാപാര ബന്ധം സ്ഥാപിക്കണമെന്ന് അഫ്ഗാനിലെ വ്യവസായികളുടെ സംഘടന ആവശ്യപ്പെട്ടു. അഫ്ഗാൻ വ്യവസായികളുടെ ബിസിനസ് വീസ നടപടികൾ ലഘൂകരിക്കണം. സർക്കാർ അനുമതികൾ വേഗത്തിൽ ലഭ്യമാക്കണമെന്നും അഫ്ഗാനിലെ ഇന്ത്യൻ സ്ഥാനപതി യതിൻ പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻവസ്റ്റ്മെന്റ് ചെയർമാൻ സെയിദ് കരീ ഹാഷിം ആവശ്യപ്പെട്ടു. ഇതിനോട് ഇന്ത്യ അനുഭാവ പൂർണമായ നിലപാടാണ് സ്വീകരിച്ചതെന്നും വിവരം.അഫ്ഗാനിസ്ഥാൻ – പാക്കിസ്ഥാൻ ‘ട്രാൻസിറ്റ് വ്യാപാരം’ കുത്തനെ ഇടിഞ്ഞ കണക്കുകൾ പുറത്തു വന്നതിനു പിന്നാലെയാണിത്. ഒരു രാജ്യത്തുള്ള ഉൽപന്നങ്ങൾ മറ്റൊരു രാജ്യത്ത് എത്തിച്ച് കയറ്റുമതി നടത്തുന്ന വ്യാപാര രീതിയാണ് ട്രാൻസിറ്റ്. പൂർണമായും കരബന്ധിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അതുകൊണ്ടു തന്നെ പാക്കിസ്ഥാന്റെയും ഇറാന്റെയും തുറമുഖങ്ങൾ വഴിയാണ് ഇറാൻ വിദേശവ്യാപാരം നടത്തുന്നത്. താലിബാൻ ഭരണത്തിൽ തിരിച്ചെത്തുന്നതിനു മുൻപ് 2021ൽ പാക്കിസ്ഥാനിലൂടെ 500 കോടി ഡോളറിന്റെ ട്രാൻസിറ്റ് വ്യാപാരമാണ് അഫ്ഗാൻ നടത്തിയത്. പുതിയ കണക്കുകൾ പ്രകാരം ഇത് 36.7 കോടി ഡോളറായി ഇടിഞ്ഞു. ഈ കാലയളവിൽ വ്യാപാരം നടന്ന കണ്ടെയ്നറുകളുടെ എണ്ണം 89,000ൽ നിന്ന് 11,592 ആയി കുറഞ്ഞതായും കണക്കുകൾ. 2025ൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാൻ അതിർത്തി പാക്കിസ്ഥാൻ അടച്ചിരുന്നു. അഫ്ഗാൻ അധികൃതർ ഈ സമയത്ത് ഇറാനുമായും ഇന്ത്യയുമായും കൂടുതൽ അടുത്തു. ഇതാണ് വ്യാപാര കണക്കുകൾ കുറയാനുള്ള പ്രധാന കാരണം. എന്നാൽ പാക്കിസ്ഥാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ് തന്നെ കണ്ടെയ്നർ നീക്കത്തിൽ കുറവുണ്ടായെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 2017 സാമ്പത്തിക വർഷത്തിൽ 60,500 കണ്ടെയ്നറുകളാണ് പാക്കിസ്ഥാനിലൂടെ പോയത്. ഇത് 2021ൽ 89,000 ആയി വർധിച്ചു. താലിബാൻ അധികാരം തുടങ്ങിയതിനു പിന്നാലെ 2023ൽ 1,02,886 കണ്ടെയ്നറുകളായി വർധിച്ചു. തൊട്ടടുത്ത വർഷം ഇത് കുത്തനെ ഇടിഞ്ഞു. 2024ൽ 54,114 കണ്ടെയ്നറുകളും 2025ൽ 42,559 കണ്ടെയ്നറുകളുമാണ് അഫ്ഗാന്റേതായി പാക്കിസ്ഥാനിലൂടെ പോയത്. പാക്കിസ്ഥാനി തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അഫ്ഗാൻ തീരുമാനിച്ചതാണ് വ്യാപാര കണക്കുകൾ കുറച്ചതെന്നാണ് വിലയിരുത്തൽ. പാക് – അഫ്ഗാൻ രാഷ്ട്രീയ തർക്കങ്ങളും ഇതിനിടയിലുണ്ടായി. നിർണായകം ചബാഹർ തുറമുഖംഅതേസമയം, ഇന്ത്യയും അഫ്ഗാനുമായുള്ള വ്യാപാരം മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണെന്നും കണക്കുകൾ പറയുന്നു. ഇറാനിൽ ഇന്ത്യൻ നിയന്ത്രണത്തിലുള്ള ചബാഹർ തുറമുഖം വഴിയാണ് കരബന്ധിതമായ അഫ്ഗാനിലേക്ക് സാധനങ്ങളെത്തിക്കുന്നത്. ചബാഹർ തുറമുഖത്ത് നിന്ന് ചരക്കുനീക്കം സാധ്യമാക്കാൻ അഫ്ഗാനിലേക്ക് 218 കിലോമീറ്റർ നീളമുള്ള സർജാങ് – ദെലാറാം ഹൈവേയും ഇന്ത്യ ഇറാനിൽ നിർമിച്ചിട്ടുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പ്രതിവർഷം ശരാശരി 100 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 90.78 കോടി ഡോളറാണെന്നും കണക്ക് പറയുന്നു.
Travel ⏭️


