BUSINESS
സ്റ്റാർലിങ്കിനെ തടയുന്നത് ഇന്ത്യയിലെ ‘പ്രഭുക്കൾ’; ഗുരുതര ആരോപണവുമായി മസ്ക്, പരാമർശം മോദി ‘മൊബൈൽ കോൺഗ്രസ്’ ഉദ്ഘാടനം ചെയ്യാനിരിക്കെ

ന്യൂഡൽഹി ∙ തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവു തടയാൻ ശ്രമിക്കുന്നത് രാജ്യത്തെ ചില ‘പ്രഭുക്കൾ’ ആണെന്ന ഗുരുതര ആരോപണവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇവർക്ക് ഇന്ത്യയിലെ ജനങ്ങൾക്കുമേലുള്ള കുത്തക അവകാശം നിലനിർത്താനാണ് സ്റ്റാർലിങ്കിനെ തടയുന്നതെന്നാണ് ആരോപണം. ആരെക്കുറിച്ചാണ് താനിതു പറയുന്നതെന്ന് എല്ലാവർക്കും ഊഹിക്കാമെന്നും ഇത് രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കുറ്റകൃത്യമാണെന്നും മസ്ക് പറഞ്ഞു. ഭരണതലത്തിൽ ഇടപെടാൻ സ്വാധീനമുള്ള പ്രഭുക്കൾ എന്ന അർഥം വരുന്ന ‘ഒലിഗാർക്ക്’ എന്ന പദമാണ് മസ്ക് ഉപയോഗിച്ചത്. റിലയൻസ് ജിയോ, എയർടെൽ അടക്കമുള്ള ടെലികോം ഗ്രൂപ്പുകളെ ഉന്നമിട്ടാണ് ആരോപണമെന്നാണ് വിലയിരുത്തൽ. ടെലികോം കമ്പനികളുടെ കൂടി സംഗമമായ ഇന്ത്യ മൊബൈൽ കോൺഗ്രസ് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പരാമർശമെന്നതും ശ്രദ്ധേയമാണ്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്. സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ചെങ്കിലും അന്തിമ സുരക്ഷാ കടമ്പ കടന്നിട്ടില്ല. കാത്തിരിപ്പ് ഒരു വർഷത്തോളമായി നീളുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി സ്പെക്ട്രം വില അന്തിമമാക്കിയാലുടൻ രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുമെന്നാണ് കഴിഞ്ഞ ഡിസംബറിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. എന്നാൽ ഇതിൽ തുടർനടപടികളുണ്ടായില്ല. റിലയൻസും എയർടെലും സമാനമായ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.
Travel ⏭️




