BUSINESS
വിമാനക്കമ്പനി തുടങ്ങാൻ ജൂണിൽ കത്തയച്ചു, അങ്ങനെയൊരു പ്ലാൻ ഇപ്പോഴില്ലെന്ന് അദാനി, വ്യോമസേനക്ക് വേണ്ടി ‘പറക്കുന്ന കമാൻഡ് സെന്റർ’ നിർമിക്കാൻ കരാർ

അദാനി ഗ്രൂപ്പ് സ്വന്തം എയർലൈൻ കമ്പനി തുടങ്ങുമോ ഇല്ലയോ? അങ്ങനെയൊരു പ്ലാൻ ഇപ്പോഴില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. എന്നാൽ എയർലൈൻ തുടങ്ങാനുള്ള ചട്ടങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) അദാനി ഗ്രൂപ്പ് ജൂണിൽ അയച്ച കത്തിന്റെ വിവരങ്ങൾ പുറത്ത്. നിലവിൽ മുംബൈ വിമാനത്താവളത്തിലെ ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി എയർപോർട് ഹോൾഡിങ്സിനാണ്. വിമാന സർവീസ് നടത്തുന്ന കമ്പനികൾക്ക് രാജ്യത്തെ വിമാനത്താവളങ്ങളുടെ 10 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശം വക്കരുതെന്നാണ് ചട്ടം. ഇതിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എഎഐയ്ക്ക് അയച്ച കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. നിലവിലുള്ള ബിസിനസുകളുടെ ഭാഗമായി അദാനി ഗ്രൂപ്പ് വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയിട്ടുണ്ടെന്ന് അദാനി എയർപോർട്സ് സിഇഒ അരുൺ ബൻസാൽ എഴുതിയ കത്തിൽ പറയുന്നു. ഇന്ത്യൻ വ്യോമയാന മേഖല ചില കമ്പനികളുടെ മാത്രം നിയന്ത്രണത്തിലുള്ളതാണ്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ടിയർ 2, ടിയർ 3 നഗരങ്ങളെ ബന്ധിപ്പിക്കാൻ കഴിയുന്ന എയർലൈൻ ബിസിനസ് തുടങ്ങാനുള്ള സാധ്യത പരിശോധിക്കുകയാണെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ മൂവായിരത്തോളം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന ഇൻഡിഗോ പ്രതിസന്ധിയാണ് അരുൺ ബൻസാൽ പരാമർശിച്ചതെന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യൻ വ്യോമയാന മേഖലയുടെ 90 ശതമാനവും ഇൻഡിഗോ, എയർഇന്ത്യ എന്നീ രണ്ട് കമ്പനികളുടെ പക്കലാണ്. ഇതിൽ മാറ്റമുണ്ടാക്കാൻ കേന്ദ്രസർക്കാരിനും ആഗ്രഹമുണ്ട്. ഈ മേഖലയിലേക്ക് കൂടുതൽ കമ്പനികളെ കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രിമാർ സൂചന നൽകിയിരുന്നു. എന്നാൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്ന അദാനി ഗ്രൂപ്പ് എയർലൈൻ തുടങ്ങുന്നത് താൽപര്യ വൈരുദ്ധ്യമാണെന്ന് ( കോൺഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്) മറ്റ് കമ്പനികൾ ആരോപിക്കുന്നു. വിമാനത്താവളങ്ങളുടെ നിയന്ത്രണമുള്ളവർ തന്നെ വിമാനക്കമ്പനി തുടങ്ങിയാൽ അത് മറ്റുള്ളവരുടെ വിപണി സാധ്യതകളെ ബാധിക്കുമെന്നും ഇവർ ആരോപിക്കുന്നു. വ്യോമയാന ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തകൾ ഇന്നലെ അദാനി ഗ്രൂപ്പ് തള്ളിയിരുന്നു. വാർത്തകൾ പൂർണമായും അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ഗ്രൂപ്പ് ഇന്നലെ വ്യക്തമാക്കി.വ്യോമയാന മേഖലയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളൊന്നും കമ്പനിക്ക് ഇപ്പോഴില്ലെന്നും അദാനി എന്റർപ്രൈസസ് വക്താവ് പറഞ്ഞു. അദാനി ഗ്രൂപ്പ് എയർ ലൈൻ രംഗത്തേക്ക് പ്രവേശിക്കുന്നതിനെതിരെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് അദാനി എയർപോർട് ഹോൾഡിങ് എഎഐയ്ക്ക് കത്തയച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. നിരീക്ഷണ വിമാനം നിർമിക്കുംഅതിനിടെ ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി അത്യാധുനിക നിരീക്ഷണ വിമാനം നിർമിക്കാൻ അദാനി ഡിഫൻസും ഡിആർഡിഒയും കഴിഞ്ഞ ദിവസം കരാറൊപ്പിട്ടു. എയർബസിന്റെ 6 എ321 വിമാനങ്ങളിലാണ് അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള പറക്കും കമാൻഡ് സെന്റർ നിർമിക്കുക. ഈ വിമാനങ്ങളുടെ 30 വർഷത്തേക്കുള്ള അറ്റകുറ്റപ്പണിയും അദാനി ഗ്രൂപ്പിനാണ്. സമാനമായ പ്രതിരോധ കരാർ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിക്ക് നൽകുന്നത്.
Travel ⏭️


