BUSINESS
6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്രം; കേരളത്തില്‍ 17.65 ലക്ഷം ഉപയോക്താക്കള്‍

Kerala Public Distribution System : തുടര്‍ച്ചയായി ആറുമാസം റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. പ്രതിമാസം ശരാശരി 17.65 ലക്ഷം പേര് റേഷന്‍ വിഹിതം കൈപ്പറ്റാത്ത കേരളത്തിലും സൈലന്റ് കാര്‍ഡ് ഉടമകളെ കണ്ടെത്താനുള്ള നടപടികള്‍ വൈകാതെ ശക്തമാകുമെന്നാണ് വിവരം. ഒക്ടോബര്‍ 1 സമയപരിധി നിലവില്‍ ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, റേഷന്‍ വിഹിതം തടസപ്പെടാതിരിക്കാന്‍ മലയാളി ഉപഭോക്താക്കളും ഇ-കെവൈസി (e-KYC) അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദാകുന്നുകഴിഞ്ഞ ആറ് മാസമായി പൊതുവിതരണ കേന്ദ്രങ്ങളില്‍ (റേഷന്‍ കടകളില്‍) നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത ഉപഭോക്താക്കളുടെ (സൈലന്റ് കാര്‍ഡുടമകള്‍) കാര്‍ഡുകള്‍ ഒക്ടോബര്‍ 1 മുതല്‍ താല്‍ക്കാലികമായി മരവിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് ജാര്‍ഖണ്ഡാണ്. ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി മാത്രം റേഷന്‍ കാര്‍ഡ് എടുക്കുകയും, എന്നാല്‍ റേഷന്‍ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകാണ് ലക്ഷ്യം. കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും അധികം വൈകാതെ ഇത്തരമൊരു ക്ലിനിംഗ് നടപടി ഉണ്ടായേക്കും.നിങ്ങളെ ബാധിക്കുന്നത് എങ്ങനെതുടര്ച്ചയായി ആറുമാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി നിര്‍ജീവമാകുന്നതോടെ, അവര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ അല്ലെങ്കില്‍ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല.അതേസമയം ഇവിടെ കാര്‍ഡുകള്‍ പൂര്‍ണ്ണമായും റദ്ദാക്കുന്നില്ല. താല്‍ക്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റേഷന്‍ കടകള്‍ വഴിയുള്ള സേവനങ്ങള്‍ നിലയ്ക്കും. കാര്‍ഡുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനാല്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ഇ- കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് പൂര്‍ണ്ണമായും റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.റദ്ദാക്കല്‍ എങ്ങനെ ഒഴിവാക്കാംകാര്ഡ് റദ്ദാക്കപ്പെടുന്നത് ഒഴിവാക്കാന്‍ 6 മാസമായി റേഷന്‍ കടകളിലെ സേവനം ഉപയോഗിക്കാത്തവര്‍ സെപ്റ്റംബറിലെ വിഹിതം കൈപ്പറ്റാന്‍ ശ്രദ്ധിക്കുക. കൂടാതെ കാര്‍ഡുടമകള്‍ തങ്ങളുടെ ഇ- കെവൈസി (e-KYC) അപ്ഡേറ്റ് ചെയ്യുകയും വേണം.കേരളത്തില്‍ ഒട്ടേറെപ്പേരെ ഈ പുതിയ നിയമം ബാധിക്കാന്‍ സാധ്യതയുണ്ട്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേര് റേഷന്‍ വാങ്ങാറില്ല. അതിനാല്‍ തുടര്‍ച്ചയായി ആറുമാസം റേഷന്‍ വാങ്ങാതിരുന്നാല്‍ കേരളത്തിലും കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെടും.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്ആറുമാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയത്ത് ഇ- കെവൈസി നടത്താത്തതു മൂലം മരവിപ്പിക്കപ്പെടുന്ന കാര്‍ഡുകള്‍ വീണ്ടും സജീവമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തുന്ന പരിശോധന (Field verification) ആവശ്യമായി വരാം. കേരളത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളിലെ (മഞ്ഞ, പിങ്ക്) ഭൂരിഭാഗം പേരുടെയും മസ്റ്ററിങ് ഇതോടകം പൂര്‍ത്തിയായിട്ടുണ്ട്. കാര്‍ഡില്‍ എന്തെങ്കിലും ഇ- കെവൈസി അപ്ഡേഷന് തീര്‍പ്പാക്കാനുണ്ടെങ്കില്‍ അത് റേഷന്‍ കടകള്‍ വഴി നേരിട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
Read News


