AUTO
ഇലക്ട്രിക് വിപണിയിലെ മിന്നും താരം എംജി വൻഡ്സർ, പിന്നിട്ടത് റെക്കോഡ് നേട്ടം!

എംജിയുടെ ജനപ്രിയ ഇലക്ട്രിക്ക് കാര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എംജി വിന്‍ഡ്‌സര്‍. വിപണിയിലെത്തി വെറും രണ്ടു വര്‍ഷം തികയും മുന്‍പേ 75,000 യൂണിറ്റ് വില്‍പന പിന്നിട്ടാണ് വിന്‍ഡ്‌സര്‍ ഇവി ജനപ്രീതിക്ക് അടിവരയിടുന്നത്. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ഏറ്റവും വേഗത്തില്‍ വിപണി കയ്യടക്കിയ വൈദ്യുത വാഹനങ്ങളില്‍ ഒന്നായി ഇതോടെ എംജി വിന്‍ഡ്‌സര്‍ മാറി. പ്രതിമാസ വില്‍പന കണക്കുകള്‍ പ്രകാരം 2024 ഒക്ടോബര്‍ മുതല്‍ 2026 ജൂണ്‍ വരെ 75,498 വിന്‍ഡ്‌സര്‍ ഇവികളാണ് വിറ്റു പോയത്. വിപണിയിലെത്തി ആദ്യ മൂന്നു മാസത്തിനുള്ളില്‍ തന്നെ 10,000 യൂണിറ്റുകളുടെ വില്‍പന നടത്തിയാണ് എംജി വിന്‍ഡ്‌സര്‍ ഇവി വരവറിയിച്ചത്. പിന്നീടും 2025ല്‍ ഉടനീളം മികച്ച പ്രകടനം നടത്താന്‍ വിന്‍ഡ്‌സര്‍ ഇവിക്ക് സാധിച്ചു. 2025 സെപ്തംബറിലാണ് വിന്‍ഡ്‌സര്‍ ഇവിയുടെ ഏറ്റവും മികച്ച വില്‍പന നടന്നത്. അന്ന് ഒരൊറ്റ മാസത്തില്‍ 4,741 യൂണിറ്റുകള്‍ വിറ്റുപോയി. 2025ന്റെ രണ്ടാം പാതി വിന്‍ഡ്‌സറിന്റെ സുവര്‍ണകാലമായിരുന്നു. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള അഞ്ച് മാസങ്ങളില്‍ തുടര്‍ച്ചയായി 4,000 യൂണിറ്റിലധികം വില്‍പന നടത്താന്‍ വിന്‍ഡ്‌സര്‍ ഇവിക്ക് സാധിച്ചു. തുടക്കത്തില്‍ വിപണിയിലെ പുതു താരം എന്ന നിലയിലാണ് ശ്രദ്ധക്കപ്പെട്ടതെങ്കില്‍ പിന്നീട് മികച്ച പെര്‍ഫോമെന്‍സും ഫീച്ചറുകളുമാണ് വിന്‍ഡ്‌സര്‍ ഇവിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചത്. ഇന്ത്യയില്‍ എംജി മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രധാന മോഡലായി വിന്‍ഡ്‌സര്‍ ഇവി മാറിക്കഴിഞ്ഞു. സാധാരണക്കാര്‍ ഒരു ഇലക്ട്രിക്ക് വാഹനം വാങ്ങാന്‍ മടിച്ചു നില്‍ക്കുന്ന മൂന്നു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായതോടെയാണ് വിന്‍ഡ്‌സര്‍ ഇവി ശ്രദ്ധ നേടിയത്. വാഹനത്തിന്റെ ഉയര്‍ന്ന വില, പ്രായോഗികത, മികച്ച ഫാമിലി കാര്‍ ലുക്ക് എന്നിവയായിരുന്നു ആ ഘടകങ്ങള്‍. എംജി മോട്ടോഴ്‌സ് അവതരിപ്പിച്ച ബാറ്ററി ആസ് എ സര്‍വീസ് മാതൃക വാഹനത്തിന്റെ പ്രാരംഭ വില വലിയ തോതില്‍ കുറച്ചു. വാഹനത്തിന്റെ വിലയില്‍ നിന്നും ബാറ്ററി തുക മാറ്റി ഉപയോഗിക്കുന്ന മുറക്ക് ബാറ്ററിക്ക് പണം ഈടാക്കുന്ന രീതിവഴിയായിരുന്നു വില കുറഞ്ഞത്. ഇതോടെ സാധാരണ ഐസിഇ വാഹനങ്ങളുടെ വിലയുമായി താരതമ്യം ചെയ്യാവുന്ന നിലയിലേക്ക് വിന്‍ഡ്‌സര്‍ ഇവിയുടെ വില എത്തി. 38kWh ബാറ്ററിക്ക് 332 കിലോമീറ്ററും 52.9 kWh ബാറ്ററിക്ക് 449 കിലോമീറ്ററുമാണ് റേഞ്ച് എന്നത് റേഞ്ചിനെ ചൊല്ലിയുള്ള ആശങ്കകളും അകറ്റി. വിലക്കുറവിനൊപ്പം ക്രോസ് ഓവര്‍ ബോഡി സ്‌റ്റൈലും വിന്‍ഡ്‌സറിന് തുണയായി. വിപണിയിലുള്ള മറ്റ് ഇവികളെ അപേക്ഷിച്ച് വലിയ കാബിനും ഫീച്ചറുകളും വിന്‍ഡ്‌സറിനെ പെര്‍ഫെക്ട് ഫാമിലി ഇവിയാക്കി മാറ്റി. വലിയ മെട്രോ നഗരങ്ങള്‍ക്ക് പുറത്തുള്ള ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വിന്‍ഡ്‌സര്‍ പ്രിയ വാഹനമായി മാറി. ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന ഇവി മോഡലുകള്‍ക്ക് മാത്രം സാധ്യമായ നേട്ടമാണ് വിന്‍ഡ്‌സര്‍ ഇവി 75,000 യൂണിറ്റുകളുടെ വില്‍പനയോടെ നേടിയിരിക്കുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയുടെ മനസറിഞ്ഞ് വാഹനം ഇറക്കിയാല്‍ വില്‍പനക്ക് ഒരു കുറവുമുണ്ടാവില്ലെന്നതിന്റെ തെളിവാവുകയാണ് വിന്‍ഡ്‌സര്‍ ഇവി.
Source link


