AUTO
രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഡൽഹിയിലോ ബെംഗളൂരുവിലോ? പുതിയ റിപ്പോർട്ടിൽ ഈ സിറ്റി മുന്നിൽ

രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത് ഡല്‍ഹിയിലാണെന്നാണ് പൊതുധാരണ. മൊത്തം കാറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും കാര്യത്തില്‍ അത് സത്യവുമാണ്. എന്നാല്‍ സ്വകാര്യ കാറുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബെംഗളൂരു ഡല്‍ഹിയെ മറികടന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെംഗളൂരു നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണവും ഈ സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിതമായ വര്‍ധനവാണ്. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പോരായ്മകളും ബെംഗളൂരുവിലെ സ്വകാര്യവാഹനങ്ങളുടെ എണ്ണക്കൂടുതലിന്റെ കാരണമാവുന്നുണ്ട്. കാറുകളുടെ എണ്ണം അതിവേഗം കൂടുന്നുണ്ടെങ്കിലും ബെംഗളൂരുവിലെ ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിന്റെ ഏഴയലത്ത് ഇപ്പോഴും സ്വകാര്യ കാറുകള്‍ എത്തില്ല. നിലവില്‍ 87 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണ് ബെംഗളൂരുവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും ബൈക്കുകളും സ്കൂട്ടറുകളുമുള്ള നഗരവും ബെംഗളൂരു തന്നെ. ഇവിടെ ആകെ 1.28 കോടി വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ആകെ രജിസ്റ്റര്‍ ചെയ്തതില്‍ 70 ശതമാനം വാഹനങ്ങളും ഇരുചക്രവാഹനങ്ങളാണെന്നതും ബെംഗളൂരുവിന്റെ സവിശേഷതയാണ്. ഗതാഗതക്കുരുക്കില്‍ കാറുകളെ അപേക്ഷിച്ച് എളുപ്പം പോകാനാവുമെന്നതാണ് ഇരുചക്രവാഹനങ്ങളുടെ ഈ വര്‍ധനവിനു പിന്നില്‍. കഴിഞ്ഞ ജൂണില്‍ മാത്രം 78,084 പുതിയ വാഹനങ്ങളാണ് ബെംഗളൂരുവില്‍ റജിസ്റ്റര്‍ ചെയ്തത്. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പ്രതിമാസ റജിസ്ട്രേഷനാണിത്. ജിഎസ്ടി നിരക്കുകള്‍ പരിഷ്കരിച്ചതിനെ തുടര്‍ന്ന് 2025 ഒക്ടോബറിലെ 86,014 വാഹനങ്ങളാണ് സര്‍വകാല റെക്കോഡ്. 2026 ജനുവരിയില്‍ റജിസ്റ്റര്‍ ചെയ്ത 78,461 വാഹനങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. അതിന്റെ തൊട്ടടുത്തായി ജൂണിലെ റജിസ്ട്രേഷനും എത്തി. പൊതുഗതാഗ സംവിധാനങ്ങളുടെ കുറവുകളാണ് ബെംഗളൂരുവിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുത്തനെ കൂട്ടുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മെട്രോ നിര്‍മാണത്തിലെ മാറ്റങ്ങളും കാലതാമസവും നഗര ഗതാഗതത്തെയാകെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ നാലു വര്‍ഷമായി ബെംഗളൂരുവില്‍ പുതിയ മെട്രോ പാതകളുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബെംഗളൂരുവിലെ ജനസാന്ദ്രതയേറിയ പല പ്രദേശങ്ങളും ഇന്നും മെട്രോയുടെ പരിധിക്ക് പുറത്താണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബിഎംടിസി ബസ് സര്‍വീസുകളുടെ എണ്ണത്തിലും കുറവുണ്ടായി. വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് മുന്പത്തേക്കാളും രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. നാവിഗേഷന്‍ ആപ്ലിക്കേഷനായ ടോംടോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഗതാഗത ക്കുരുക്കുള്ള രണ്ടാമത്തെ നഗരമാണ് ബെംഗളൂരു. ഒന്നാം സ്ഥാനത്തെത്തിയത് മെക്സിക്കോ സിറ്റിയായിരുന്നു. ബെംഗളൂരുവില്‍ വെറും 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 36 മിനുറ്റും ഒമ്പത് സെക്കന്‍ഡും എടുക്കുമെന്നണ് റിപ്പോര്‍ട്ട് പറയുന്നത്. തിരക്കേറിയ സമയങ്ങളില്‍ ബെംഗളൂരുവിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം മാത്രം ശരാശരി 168 മണിക്കൂറാണ് റോഡിലെ ഗതാഗതക്കുരുക്കില്‍ നഷ്ടമായതെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നുണ്ട്.
Sports ⏭️


