ശബരിമലയിലെ ഭക്ഷണത്തിൽ മായം; പിന്നിൽ കച്ചവട താൽപര്യമെന്ന് ആരോപണം

ശബരിമലയിലെ പ്രസാദത്തിലും ഭക്ഷണത്തിലും വരെ മായം കലർത്താൻ മടിക്കാത്ത വിധം അധാർമികമായ നീക്കങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി. തീർഥാടകർക്ക് നൽകുന്ന ഭക്ഷണത്തിൽ പുലർച്ചെ എലിയെ കൊണ്ടിടുന്നത് പോലുള്ള ഹീനമായ പ്രവൃത്തികൾ ആസൂത്രണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത്തരം ഗൂഢനീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ അട്ടിമറി ശ്രമങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരായ കച്ചവടക്കാരുടെ കരങ്ങളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടെൻഡർ നടപടികളിൽ പരാജയപ്പെട്ട ചിലരാണ് ഇത്തരം അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ അട്ടിമറികളോ ഉണ്ടാകുന്നത് തടയാൻ സർക്കാർ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കും. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അഖില ഭാരത അയ്യപ്പ സേവാസംഘം ഒരുക്കിയ സേവന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




