ഹോർമുസ് കടലിടുക്കിലെ ആക്രമണം: ടാങ്കർ കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി

ജിദ്ദ∙ ഒമാൻ തീരത്തോട് ചേർന്ന് ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന എൽപിജി ടാങ്കർ കപ്പലിന് നേരെ വീണ്ടും അക്രമികൾ വെടിയുതിർത്തു. പനാമയിൽ രജിസ്റ്റർ ചെയ്ത ‘താര ഗ്യാസ്’ എന്ന കപ്പലാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. തുടർച്ചയായുണ്ടായ ഇത്തരം ആക്രമണങ്ങളെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരും രക്ഷപ്പെടാനായി കപ്പൽ വിട്ടിറങ്ങി. ഇതിൽ 24 പേരെ സുരക്ഷിതമായി കണ്ടെത്താനായെങ്കിലും, ഒരു ഇന്ത്യൻ നാവികൻ ഇപ്പോഴും കാണാമറയത്താണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
കപ്പലിന് നേരെയുണ്ടായ ആദ്യത്തെ ആക്രമണത്തിൽ എൻജിൻ റൂമിൽ വലിയ തോതിൽ തീപടരുകയും കപ്പലിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. ആ സമയം ജീവനക്കാർ സുരക്ഷിതരാണെന്നായിരുന്നു ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ചൊവ്വാഴ്ച വീണ്ടും കപ്പലിന് നേരെ ആക്രമണം ഉണ്ടാവുകയും കപ്പലിൽ തീപിടുത്തം രൂക്ഷമാവുകയും ചെയ്തതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ നിർബന്ധിതരാവുകയായിരുന്നു.




