NEWS

മാൾട്ടയിലെ പുതിയ തൊഴിൽ-വീസ നിയന്ത്രണം: ഒന്നര ലക്ഷത്തോളം പ്രവാസികൾ ആശങ്കയിൽ

മാൾട്ടയിൽ ജോലി ചെയ്യുന്ന ഇതര രാജ്യക്കാർ അഥവാ തേർഡ് കൺട്രി നാഷനൽസ് (TCNs) വിഭാഗത്തിൽപ്പെട്ടവർക്കായി സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ–വീസ നിയന്ത്രണങ്ങൾക്കും ബജറ്റ് നിർദേശങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികളെയും തൊഴിലാളികളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതാണ് സർക്കാരിന്റെ ഈ പുതിയ നടപടികളെന്ന് വിവിധ പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം അഞ്ചര ലക്ഷത്തോളം ജനസംഖ്യയുള്ള മാൾട്ടയിൽ വലിയൊരു വിഭാഗം കുടിയേറ്റക്കാരാണ്. ഇന്ത്യക്കാരിൽത്തന്നെ ധാരാളം മലയാളി കുടുംബങ്ങളും വിദ്യാർഥികളും തൊഴിൽ തേടിയെത്തിയവരും ഈ ഗണത്തിൽപ്പെടുന്നുണ്ട്. ഇത്തരം കടുത്ത നിബന്ധനകൾ നടപ്പിലാക്കുന്നത് പ്രവാസി സമൂഹത്തിന്റെ ജീവിതത്തെ മാത്രമല്ല, രാജ്യത്തിന്റെ നട്ടെല്ലായ ടൂറിസം, സേവന മേഖലകളെ കൂടി അവതാളത്തിലാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകുന്നു.

യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളിൽ കണ്ടുവരുന്ന തീവ്രമായ കുടിയേറ്റ വിരുദ്ധ തൊഴിൽ നയങ്ങളുടെ തനിയാവർത്തനമാണ് മാൾട്ടയിലും നടക്കുന്നതെന്നാണ് പ്രവാസി സംഘടനകളുടെ പ്രധാന വിമർശനം. മാൾട്ടയുടെ സാമ്പത്തിക പുരോഗതിയിൽ സുപ്രധാന പങ്കുവഹിക്കുന്ന കുടിയേറ്റക്കാരോട് സർക്കാർ കാട്ടുന്ന അവഗണനയും വിവേചനപരമായ സമീപനവുമാണ് ഈ തീരുമാനങ്ങൾക്ക് പിന്നിലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

Fashion ⏭️

Back to top button