ഡോക്ടർക്കെതിരായ പീഡനക്കേസ്: മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും

കൊച്ചി ∙ യുവനടിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ ഡോ. ജോൺസൺ കെ. വർഗീസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. ജാമ്യാപേക്ഷയെ എതിർക്കുന്ന പരാതിക്കാരിയെ കേസിൽ കക്ഷി ചേർത്തുകൊണ്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതേസമയം, ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്ന കേസിൽ റിമാൻഡിലായ നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി, ഡ്രൈവർ വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇവർക്കായി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം പൂർത്തിയാക്കിയിരുന്നു.
താൻ മർദനത്തിനിരയായെന്നും, മൂന്നേകാൽ ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും പ്രതികൾ കവർന്നുവെന്നും ചൂണ്ടിക്കാട്ടി ഡോ. ജോൺസൺ തന്നെയാണ് ആദ്യം പൊലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് നടിയടക്കം 12 പേർക്കെതിരെ കേസെടുക്കുകയും അതുല്യ ഉൾപ്പെടെയുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ, യുവനടിയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ഡോക്ടർക്കെതിരെ പരാതിയുമായി എത്തുകയായിരുന്നു. ഡോക്ടറിൽ നിന്നും പ്രതികൾ പിടിച്ചെടുത്ത ഫോണുകൾ ഇവർ പൊലീസിന് കൈമാറുകയും ചെയ്തു. ഡോക്ടറുടെ ഫോൺ ബന്ധു വഴി പൊലീസിന് ലഭിച്ചതായി അവർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഡോക്ടറുടെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് വാദം നടന്നതും, വിശദമായ പരിശോധനയ്ക്കായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതും.
നേരത്തെ, അതിക്രമം നടന്നതായി പറയുന്ന ഫ്ലാറ്റിൽ പ്രതികളായ അതുല്യ, ബിബിൻ പെരുമ്പിള്ളി, വിഷ്ണു എന്നിവരെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. മർദനക്കേസിൽ ഒന്നാം പ്രതി ബിബിനും മൂന്നാം പ്രതി അതുല്യയുമാണ്.




