ഷഫ്ഖത്ത് അമാനത്ത് അലിക്ക് മൾട്ടിപ്പിൾ മൈലോമ ബാധ; ചികിത്സയിൽ

കറാച്ചി: ‘മിത്വ’ എന്ന ജനപ്രിയ ഗാനത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ പാകിസ്ഥാൻ ഗായകൻ ഷഫ്ഖത്ത് അമാനത്ത് അലി താൻ മാരകരോഗത്തെ അതിജീവിച്ച കാര്യം വെളിപ്പെടുത്തി. ‘മൾട്ടിപ്പിൾ മൈലോമ’ എന്നറിയപ്പെടുന്ന രക്താർബുദമാണ് തന്നെ ബാധിച്ചതെന്നും, രോഗവും തുടർചികിത്സകളും കാരണം ഏകദേശം ഒരു വർഷത്തോളം താൻ പൂർണ്ണമായും വിശ്രമത്തിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വിഷമഘട്ടത്തിൽ കുടുംബാംഗങ്ങളും ചുരുക്കം ചില അടുത്ത സുഹൃത്തുക്കളും മാത്രമാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞിരുന്നത്.
കൃത്യസമയത്ത് രോഗം തിരിച്ചറിയാൻ സാധിച്ചത് ചികിത്സയിൽ നിർണ്ണായകമായി മാറിയെന്ന് അദ്ദേഹം ഓർക്കുന്നു. വിവിധയിടങ്ങളിൽ ഡോക്ടർമാരെ കണ്ടതിന് ശേഷമാണ് കറാച്ചിയിൽ വെച്ച് രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമായത്. ഇപ്പോൾ അസുഖം ഭേദമായെങ്കിലും, ആരോഗ്യനില നിലനിർത്തുന്നതിന്റെ ഭാഗമായി ആഴ്ചതോറുമുള്ള കീമോതെറാപ്പി ചികിത്സ അദ്ദേഹം ഇപ്പോഴും തുടരുന്നുണ്ട്.
മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ് മൾട്ടിപ്പിൾ മൈലോമ. ശരീരത്തിൽ അനിയന്ത്രിതമായി വർദ്ധിക്കുന്ന ഇത്തരം അസാധാരണ പ്ലാസ്മ കോശങ്ങൾ ആരോഗ്യകരമായ രക്തകോശങ്ങളുടെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും, വൃക്കകളെയും അസ്ഥികളെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. പലപ്പോഴും രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമാകില്ലെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
വിട്ടുമാറാത്ത തളർച്ച, അകാരണമായ ഭാരക്കുറവ്, ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകൾ, ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന ചതവുകൾ, അസ്വാഭാവികമായ രക്തസ്രാവം എന്നിവ മൾട്ടിപ്പിൾ മൈലോമയുടെ പ്രധാന സൂചനകളാണ്. രോഗിയുടെ അവസ്ഥയ്ക്കും രോഗത്തിന്റെ തീവ്രതയ്ക്കും അനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റങ്ങൾ വരാം. രക്തപരിശോധന, മൂത്രപരിശോധന, മജ്ജ പരിശോധന, കൂടാതെ സി.ടി സ്കാൻ, എം.ആർ.ഐ, എക്സ്റേ തുടങ്ങിയ ആധുനിക പരിശോധനകളിലൂടെയാണ് രോഗനിർണ്ണയം സാധ്യമാക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അത് അർബുദമാണെന്ന് അർത്ഥമില്ലെങ്കിലും, കൃത്യമായ രോഗനിർണ്ണയം നേരത്തെ തന്നെ നടത്തുന്നതാണ് ജീവൻരക്ഷിക്കാൻ ഏറ്റവും അനിവാര്യം.




