ആർക്കും എപ്പോഴും ഒരുകാരണവും കൂടാതെ വരാവുന്ന രോഗം, ജീവിതത്തെ മുഴുവൻ ബാധിക്കും

കൈപ്പത്തിയിലും വിരലുകളിലും തരിപ്പ് ഉണ്ടാകുന്ന ഒരു രോഗമാണ് Carpal Tunnel Syndrome. കൂലിപ്പണിക്കാർ മുതൽ ഉദ്യോഗസ്ഥർക്കും, വീട്ടമ്മമാർക്കും വരെ ഉണ്ടായേക്കാവുന്ന ഒരു രോഗം. കൈപ്പത്തിയ്ക്കും, വിരലുകൾക്കും സ്പർശനശേഷി നൽകുന്ന പ്രധാന ഞരമ്പാണ് മീഡിയൻ നെർവ് . ഈ ഞരമ്പ് കൈത്തണ്ടയിലൂടെ കൈപ്പത്തിയിലേക്ക് പോകുന്ന വഴിയാണ് കാർപൽ ടണൽ. ഈ ടണലിനുള്ളിൽ വച്ച് ഞരമ്പ് അമർന്നു പോകുമ്പോൾ ആ വ്യക്തിക്ക് കാർപൽ ടണൽ സിൻഡ്രോം എന്ന അസുഖം ഉണ്ടാകുന്നു.ഇതെങ്ങനെ തിരിച്ചറിയാം ?കൈപ്പത്തിയിൽ തരിപ്പ് വരിക എന്നതാണ് പ്രധാന പ്രശ്നം. സ്പർശനശേഷി കുറവ്, വേദന, പെരുപ്പ്, കഴപ്പ്, ബലക്ഷയം എന്നിങ്ങനെയും കാണാം. ഇത് രാത്രി സമയങ്ങളിലാണ് കൂടുതൽ കാണുക. ഈ അസുഖം പുരോഗമിക്കുന്തോറും കയ്യിലെ ചെറിയ പേശികൾ ക്ഷയിച്ചു പോവുകയും, കൈപ്പത്തിയിൽ പൊങ്ങിനിൽക്കുന്ന ഭാഗങ്ങൾ പരന്ന് പോവുകയും ചെയ്യും. ചിലപ്പോൾ ഈ വേദന കൈപ്പത്തിയിൽ നിന്ന് മുകളിലോട്ട് പോകുന്നതും കാണാറുണ്ട്. ഒരേ സമയം രണ്ടു കൈകളിലും വന്നെന്നും വരാം. ഈ തരിപ്പുമൂലം രോഗികൾ തിരുമ്മുന്നതും കൈ കുടയുന്നതും കാണാം.കാരണങ്ങൾ
ഈ രോഗം സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു. കൂടുതൽ രോഗികളിലും ഇതിന് പ്രത്യേകിച്ച് ഒരു കാരണവും കണ്ടെത്താനാവില്ല. ഡയബറ്റിസ് കിഡ്നി രോഗം, തൈറോയ്ഡ് ഗ്രന്ഥിയിലെ രോഗങ്ങൾ, റുമാറ്റിക് ആർത്രൈറ്റിസ്, ഗർഭിണികൾ, വൈബ്രേറ്റർ മിഷ്യൻ ഉപയോഗിക്കുന്നവർ ചില പ്രത്യേക ജോലികൾ തുടർച്ചയായി ചെയ്യുന്നവർ, ടൈപ്പിംഗ് എന്നിങ്ങനെ ഉള്ളവർക്ക് ഈ രോഗം കാണാറുണ്ട് .
വീട്ടമ്മമാർക്കും, ഉദ്യോഗസ്ഥർക്കും ഒരുപോലെ ദൈനംദിന കാര്യങ്ങളും ജോലികളും മറ്റും ചെയ്യാൻ ഈ തരിപ്പ് ഒരു തടസമാകുന്നു. ഡ്രൈവിങ്ങിനെയും, എഴുത്തിനെയും, രാത്രിയിലെ ഉറക്കത്തെയും ബാധിക്കുന്നു.നിങ്ങൾ ചെയ്യേണ്ടത് എന്ത് ?
നിങ്ങൾ ഒരു ഹാൻഡ് സർജനെയോ, പ്ലാസ്റ്റിക് സർജനെയോ സമീപിക്കുക. ആ വ്യക്തി നിങ്ങളുടെ കൈ പരിശോധിച്ച് ടെസ്റ്റുകൾ നിർദ്ദേശിക്കും. Nerve Conduction Study, Ultrasound എന്നീ പരിശോധനയിലൂടെ ഇത് ഏറെക്കുറെ തിരിച്ചറിയാവുന്നതാണ്.
ചികിത്സ
അസുഖത്തിന്റെ കാഠിന്യം എത്രമാത്രമുണ്ട് എന്നതനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ. കയ്യിൽ splint ഇടുക, കയ്യിൽ സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എടുക്കുക തുടങ്ങിയവയും ഉണ്ട്. കാർപൽ ടണൽ സിൻഡ്രോമിന്റെ ശസ്ത്രക്രിയ, കൈത്തണ്ടയിലുണ്ടാക്കുന്ന ഒരു ചെറിയ മുറിവിലൂടെ ചെയ്യുന്ന സുരക്ഷിതമായ ഒന്നാണ്. കാർപ്പൽ ടണൽ റിലീസ് എന്നാണ് പറയുക. മൊത്തത്തിൽ മയക്കാതെ തന്നെ ഈ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും.സമയബന്ധിതമായ ചികിത്സയും , ശസ്ത്രക്രിയയും വേദന മാറ്റുവാൻ എന്ന് മാത്രമല്ല ഈ അസുഖം കൂടുതൽ വഷളാകാതിരിക്കാനും ആവശ്യമാണ്. കൈപ്പത്തിയിലെ ചെറിയ പേശികൾ ക്ഷയിച്ചു പോയിക്കഴിഞ്ഞാൽ പിന്നെ അത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ ഒരു ഹാൻഡ് സർജനെയോ പ്ലാസ്റ്റിക് സർജനെയോ സമീപിക്കുക .Dr. Lisha N. P.
Plastic and Reconstructive Surgeon
SUT Hospital, Pattom, TVM
Source link



