അനന്യ പാണ്ഡെയുടെ ലിംഫാറ്റിക് മസാജ് രഹസ്യം: എന്താണ് ഈ സൗന്ദര്യ ചികിത്സ?

‘കോഫി വിത്ത് കരൺ’ ഒൻപതാം സീസണിന്റെ ഏറ്റവും പുതിയ പതിപ്പിൽ അതിഥികളായി എത്തിയത് നടി അനന്യ പാണ്ഡെയും സംരംഭകയായ അനന്യ ബിർളയുമാണ്. അതിമനോഹരമായ ഡീപ് പർപ്പിൾ നിറത്തിലുള്ള മിഡി ഡ്രസ്സിൽ തിളങ്ങിയ അനന്യ പാണ്ഡെ, താൻ ധരിച്ച വസ്ത്രം ശരീരത്തിന് കൃത്യമായി പാകമാകുന്നതിനായി ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് (lymphatic drainage massage) ചെയ്തിരുന്നതായി വെളിപ്പെടുത്തി. ഈ മസാജ് കാരണം തനിക്ക് നേരിയ ‘ബ്രെയിൻ ഫോഗ്’ അഥവാ മാനസികമായ അസ്വസ്ഥത അനുഭവപ്പെടുന്നതായി താരം കൂട്ടിച്ചേർത്തു. ഇതോടെ എന്താണ് ഈ പ്രത്യേക മസാജ് രീതി എന്നതിനെക്കുറിച്ച് ആരാധകർക്കിടയിൽ ആകാംക്ഷയേറിയിരിക്കുകയാണ്. ശരീരം കൂടുതൽ ഒതുക്കമുള്ളതാക്കാനും ആകർഷകമായ ആകൃതി നൽകാനും പലരും ഈ മാർഗ്ഗമാണ് സ്വീകരിക്കുന്നത്. മുൻപ് ആലിയ ഭട്ടും കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കവെ തന്റെ പ്രഭാതചര്യയുടെ ഭാഗമായി മുഖത്ത് ഇത്തരമൊരു മസാജ് ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഹെയ്ലി ബീബർ, സെലീന ഗോമസ്, കിം കർദാഷിയൻ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനായി ഈ മസാജ് രീതി പിന്തുടരുന്നവരാണ്.
എന്താണ് ലിംഫാറ്റിക് ഡ്രെയിനേജ് മസാജ്?
ഭൂരിഭാഗം ആളുകളും സൗന്ദര്യവർധനവിനുള്ള ഒരു വഴിയായാണ് ഇതിനെ കാണുന്നത്. ശരീരകലകളിലുള്ള മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നത് ലിംഫാറ്റിക് സിസ്റ്റത്തിലെ ദ്രാവകമാണ്. ലിംഫ് ദ്രാവകത്തിന്റെ സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കുക എന്നതാണ് ഈ മസാജിന്റെ പ്രധാന ഉദ്ദേശ്യം. ഇത് ശരീരത്തിലെ നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ശരീരത്തിൽ ലിംഫ് ദ്രാവകം അടിഞ്ഞുകൂടാം. ഇത്തരം സാഹചര്യങ്ങളിൽ, ലിംഫെഡീമ പോലുള്ള അസുഖങ്ങൾ ചികിത്സിക്കുന്നതിനും ഈ മസാജ് പ്രയോജനകരമാണ്. വിദഗ്ദ്ധ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളാണ് ഇത് സാധാരണയായി ചെയ്തുവരുന്നത്, എങ്കിലും ലഘുവായ രീതിയിലുള്ളവ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.
ഇക്കാര്യം ചെയ്യുമ്പോൾ ചില മുൻകരുതലുകൾ അത്യാവശ്യമാണ്. വിദഗ്ധനായ ഒരു ആരോഗ്യപ്രവർത്തകന്റെ നിർദ്ദേശപ്രകാരം മാത്രം ഇത് പരീക്ഷിക്കുക. മസാജ് ചെയ്യുമ്പോൾ വളരെ മൃദുവായ രീതിയിൽ വേണം കൈകാര്യം ചെയ്യാൻ; പേശികൾക്ക് അമിത സമ്മർദ്ദം നൽകുന്ന വിധത്തിൽ ശക്തമായി അമർത്തരുത്. അണുബാധയോ വീക്കമോ ഉള്ള ഭാഗങ്ങളിൽ ഈ മസാജ് ചെയ്യുന്നത് ഒട്ടും ഉചിതമല്ല. മസാജിന് ശേഷം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചർമ്മത്തിൽ ചുവപ്പുനിറമോ വേദനയോ അനുഭവപ്പെടാൻ പാടില്ല. മസാജ് ചെയ്യുമ്പോൾ ലോഷനുകളോ മറ്റ് കൃത്രിമ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
കടപ്പാട്: medicalnewstoday




