സിബിഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വിഡിയോ കോൾ വഴി ചോദ്യംചെയ്യൽ; 15.98 ലക്ഷം രൂപ തട്ടിയെടുത്തു

ഉഡുപ്പി: സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തി 15.98 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉഡുപ്പി നിവാസികളായ ശേഷാചലയും ഭാര്യയുമാണ് ഈ തട്ടിപ്പിനിരയായത്. കഴിഞ്ഞ ഒക്ടോബർ 18-ന് സിബിഐ ഉദ്യോഗസ്ഥൻ എന്ന വ്യാജേന എത്തിയ ഒരാൾ ശേഷാചലയെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ശേഷാചലയുടെ ബാങ്ക് പാസ്സ്ബുക്ക് സിബിഐയുടെ കൈവശം ലഭിച്ചിട്ടുണ്ടെന്നും, തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരിക്കടത്ത്, പണം ഇരട്ടിപ്പിക്കൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകൾ അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് കണ്ടെത്തിയെന്നുമാണ് തട്ടിപ്പുകാരൻ വിശ്വസിപ്പിച്ചത്. തട്ടിപ്പിന്റെ ഭാഗമായി, പൊലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട ആളുകളുമായി വിഡിയോ കോളിലൂടെ ഇവർക്ക് ചോദ്യംചെയ്യലിനും സാക്ഷ്യം വഹിക്കേണ്ടി വന്നു.
ദിവസങ്ങളോളം നീണ്ടുനിന്ന ഈ ഭീഷണിപ്പെടുത്തലുകൾക്കൊടുവിൽ, കേസിൽനിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം നൽകി പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടർന്ന് ഒക്ടോബർ 30-ന് 11 ലക്ഷം രൂപയും, നവംബർ 5-ന് 4,98,976 രൂപയും ഇവർ പ്രതികൾക്ക് അയച്ചുകൊടുത്തു. പണം നൽകിയ ശേഷം സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതൊരു വലിയ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ദമ്പതികൾ ഉഡുപ്പി സൈബർ ഇക്കണോമിക് ആൻഡ് നർക്കോട്ടിക്സ് ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി നടന്നു വരുന്നു.




