കോഴിക്കോട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: നഷ്ടമായത് 8.5 കോടി രൂപ

കോഴിക്കോട് ∙ ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും, നവമാധ്യമങ്ങളിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ജില്ലയിൽ വർധിച്ചു വരികയാണ്. ഈ മാസം ആദ്യത്തെ 20 ദിവസത്തിനുള്ളിൽ മാത്രം 106 പേർക്കാണ് തങ്ങളുടെ പണം നഷ്ടമായത്. ഏകദേശം 8.5 കോടി രൂപയാണ് ഇക്കാലയളവിൽ തട്ടിപ്പുസംഘം കൈക്കലാക്കിയത്.
റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്ത 36 കേസുകളിലായി 4.10 കോടി രൂപയും, സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത 70 കേസുകളിലായി ഏകദേശം നാലരക്കോടി രൂപയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി എന്നിവരുടെ മേൽനോട്ടത്തിൽ കുറ്റവാളികളെ പിടികൂടാനുള്ള ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. വലിയ തുകകൾ നഷ്ടപ്പെട്ട സംഭവങ്ങളിൽ സൈബർ ക്രൈം വിഭാഗമാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
തട്ടിപ്പ് അരങ്ങേറുന്നത് ഇങ്ങനെ:
∙ വാട്സാപ്പിൽ ലഭിക്കുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്.
∙ സ്ക്രീൻ വ്യൂവിങ് ആപ്പുകൾ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ ചോർത്താനും, ഒടിപി (OTP) ഇല്ലാതെ തന്നെ ബാങ്കിങ് ആപ്ലിക്കേഷനുകളിൽ കടന്നു കയറി പണം തട്ടാനും ഇവർക്ക് സാധിക്കുന്നു.
∙ ട്രാഫിക് പിഴ അടയ്ക്കാനുള്ള അറിയിപ്പുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ ഓഫറുകൾ, ഓൺലൈൻ ട്രേഡിങ് വാഗ്ദാനങ്ങൾ എന്നിവയാണ് ജനങ്ങളെ വീഴ്ത്താൻ തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്നത്.
∙ ഫെയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച്, പിന്നീട് വാട്സാപ്പിൽ വിഡിയോ കോളുകൾ നടത്തി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പണം തട്ടുന്ന രീതിയും വ്യാപകമാണ്.




