ട്രെയിനിലെ സീറ്റിൽ കിടന്നതിന് സ്ത്രീക്ക് റെയിൽവേ പൊലീസിന്റെ ക്രൂരമർദനം: ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ജൻനായക് എക്സ്പ്രസ് ട്രെയിനിൽ വെച്ച് വനിതാ യാത്രക്കാരിക്ക് നേരെ പൊലീസുകാരന്റെ ക്രൂരമർദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. യാത്രക്കാരിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും, വിഷയത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥൻ കൂടുതൽ പക്വതയും സംയമനവും പുലർത്തണമായിരുന്നുവെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ട്രെയിനിലെ സീറ്റുകൾ മറ്റുള്ളവർക്ക് ഒഴിഞ്ഞുനൽകാൻ തയ്യാറാകാതിരുന്ന സ്ത്രീയുടെ പ്രവൃത്തിയെ തുടർന്നാണ് പൊലീസുകാരൻ ഇടപെടാൻ നിർബന്ധിതനായത്. ഇതിനിടെ, യാത്രക്കാരിയും കൂടെയുണ്ടായിരുന്ന പെൺമക്കളും ചേർന്ന് പൊലീസുകാരനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ, പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരിയുടെ മുഖത്ത് ആവർത്തിച്ച് അടിക്കുന്നതും, ഇതുകണ്ട് തടയാൻ മറ്റ് സഹയാത്രികരായ സ്ത്രീകൾ പാഞ്ഞെത്തുന്നതും വിഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും.




