സിറിയയിൽ കാണാതായ യുവതി: വിവരങ്ങൾ നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൻ∙ പത്തുവർഷം മുൻപ് സിറിയയിൽ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ സിറിയൻ-അമേരിക്കൻ യുവതി ലൈല ഷുവൈകാനിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം വീണ്ടും ശക്തമാക്കി അമേരിക്ക. യുദ്ധക്കെടുതികളിൽ വലഞ്ഞവർക്ക് സഹായഹസ്തവുമായി എത്തിയ ലൈലയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നവർക്കായി 50 ലക്ഷം ഡോളർ (ഏകദേശം 42 കോടി രൂപയിലേറെ) പ്രതിഫലമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ എന്ന പദ്ധതിയിലൂടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കാൻ അധികൃതർ ലക്ഷ്യമിടുന്നത്.
2016-ൽ സിറിയൻ പ്രസിഡന്റ് ബഷാർ അൽ-അസദിന്റെ ഭരണകാലത്താണ് ലൈല മുഹമ്മദ് അലി ഷുവൈകാനിയെ കാണാതാകുന്നത്. ഷിക്കാഗോയിൽ സ്ഥിരതാമസക്കാരിയായിരുന്ന ലൈല, സിറിയയിലെ അറബ് ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് ബിരുദം നേടിയ വ്യക്തിയായിരുന്നു. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ അവർ, യുദ്ധത്താൽ തകർന്ന സിറിയയിലെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ 2015 സെപ്റ്റംബറിലാണ് അവിടെയെത്തിയത്. എന്നാൽ, ആ സേവനയാത്ര അധികകാലം നീണ്ടുനിന്നില്ല. 2016 ഫെബ്രുവരി 19-ന് അസദ് ഭരണകൂടത്തിന്റെ സേന ലൈലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ വിഷയത്തിൽ നിർണായകമായ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് വൻതുക പാരിതോഷികമായി ലഭിക്കുന്നതിന് പുറമെ, അവർക്ക് അമേരിക്കയിലേക്ക് കുടിയേറാനുള്ള അവസരവും (പുനരധിവാസം) അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്. ലൈലയുടെ തിരോധാനത്തിന് പിന്നിലെ സത്യം വെളിച്ചത്തുകൊണ്ടുവരാനും നീതി ഉറപ്പാക്കാനുമുള്ള അമേരിക്കയുടെ കടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം wsawah എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)




