SPORTS

ഓസ്‌ട്രേലിയൻ പര്യടനത്തിനൊരുങ്ങി അനായ ബംഗാർ; മുൻ ഇന്ത്യൻ താരത്തിന്റെ ശിക്ഷണത്തിൽ പരിശീലനം തുടങ്ങി

മുംബൈ: ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ. ഇതിന്റെ ഭാഗമായി യോഗ്‌രാജ് സിങ്ങിന്റെ മേൽനോട്ടത്തിൽ അനായ പരിശീലനം ആരംഭിച്ചു. നേരത്തെ സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും യുവരാജ് സിങ്ങും യോഗ്‌രാജ് സിങ്ങിന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തിയിട്ടുണ്ട്. പരിശീലനവുമായി ബന്ധപ്പെട്ട് യോഗ്‌രാജ് സിങ്ങുമായി ആശയവിനിമയം നടത്തുന്ന ദൃശ്യങ്ങൾ അനായ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ‘ട്രാൻസ്‌ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്‌സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി’ പ്രകാരം, അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് തുടർച്ചയായി 12 മാസക്കാലം 10 നാനോമോൾസ് പെർ ലീറ്ററിൽ താഴെയായിരിക്കണമെന്നതാണ് നിബന്ധന. ഇതിനുപുറമെ, 2023-ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സുപ്രധാനമായ മറ്റൊരു തീരുമാനവും കൈക്കൊണ്ടിരുന്നു. ഇതനുസരിച്ച്, പ്രായപൂർത്തിയായ ശേഷം ലിംഗമാറ്റം നടത്തിയ ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് എലൈറ്റ് വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Auto ⏭️

Back to top button