അമ്മയുടെ തട്ടുകടയിലെ ഒറ്റ ബൾബിൻ വെളിച്ചത്തിൽ ജിബി മോളുടെ പഠനം

കളമശേരി ദേശീയപാതയോരത്ത് മിനി നടത്തുന്ന ചെറിയ തട്ടുകടയാണ് ബികോം രണ്ടാം വർഷ വിദ്യാർഥിനിയായ ജിബി മോളുടെ പഠനകേന്ദ്രം. പരീക്ഷാദിവസങ്ങളിൽ പുസ്തകങ്ങളുമായി ഈ കുട്ടി ഇരിക്കുന്നത് തട്ടുകടയിലെ മങ്ങിയ ഒറ്റ ബൾബിന്റെ വെളിച്ചത്തിലാണ്. വൈകുന്നേരം ആറര മുതൽ രാത്രി പത്തര വരെ ഈ തട്ടുകടയിൽ തന്നെയാണ് ജിബിയുടെ പഠനം. കട പൂട്ടിയ ശേഷം അമ്മയോടൊപ്പം വാടകവീട്ടിലേക്ക് മടങ്ങുന്നത് വരെ പഠനം തുടരാറാണ് പതിവ്. കുസാറ്റ് ബസ് സ്റ്റോപ്പിന് സമീപത്തായി കഴിഞ്ഞ ഒരു വർഷമായി നിത്യേന കാണുന്ന കാഴ്ചയാണിത്. സ്വന്തമായി വീടില്ലാത്തതിനാൽ മുൻസിപ്പൽ ടൗൺഹാളിന് പുറകിലുള്ള വാടകവീട്ടിലാണ് ഇവരുടെ താമസം. മകളെ വാടകവീട്ടിൽ തനിച്ചാക്കി വരാൻ അമ്മ മിനിക്ക് പേടിയാണ്.
എട്ടുനൂറു രൂപ വാടകയും വെള്ളം, വൈദ്യുതി ബില്ലുകളും കൂടാതെ മകളുടെ പഠനച്ചെലവും ജീവിതച്ചെലവുമെല്ലാം കണ്ടെത്താൻ മിനി രാപ്പകൽ അധ്വാനിക്കുകയാണ്. ഇതിനിടയിലാണ് നിർഭാഗ്യവശാൽ റെയിൽവേ പാളം മുറിച്ചുകടക്കാൻ നിൽക്കുമ്പോൾ അമിതവേഗതയിൽ കടന്നുപോയ ട്രെയിനിന്റെ കാറ്റിൽപ്പെട്ട് വീണ് മിനിയുടെ കൈകാലുകൾക്ക് പരുക്കേറ്റത്. ശസ്ത്രക്രിയയിലൂടെ കമ്പിയിട്ട കാലുമായാണ് ഇന്നും അവർ ജോലി ചെയ്യുന്നത്. പ്ലസ്ടു പഠനത്തിന് ശേഷം പഠനം നിർത്തി ജോലിക്ക് പോകുന്ന മകൻ ജയേഷ്, ജോലി കഴിഞ്ഞെത്തി അമ്മയെ സഹായിക്കാൻ ഒപ്പമുണ്ടാകും. ഗ്യാസ് അടുപ്പോ സിലിണ്ടറോ വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് വിറക് അടുപ്പിലാണ് പാചകം ചെയ്യുന്നത്.




