NEWS

കാനഡയിൽ ഇന്ത്യൻ വംശജരായ യുവാവും യുവതിയും വെടിയേറ്റ് മരിച്ചു; അന്വേഷണം തുടരുന്നു

ടൊറന്റോ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിൽ അരങ്ങേറിയ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ടത് ഇന്ത്യൻ വംശജരാണെന്ന് സ്ഥിരീകരിച്ച് അധികൃതർ. ഇരുപത്തിമൂന്നുകാരനായ ഗാരി എന്നറിയപ്പെടുന്ന ഗഗൻപ്രീത് റെഹൽ, ഇരുപത്തിനാലുകാരിയായ സുഖ്ജീത് കൗർ എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽ നഗരമായ ഡെൽറ്റയിൽ താമസക്കാരിയായിരുന്നു സുഖ്ജീത് കൗർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് ഇതെന്നാണ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രാഥമിക നിഗമനം. ഗഗൻപ്രീത് റെഹലിന് നേരത്തെ തന്നെ ആയുധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസുമായി മുൻപരിചയമുണ്ടായിരുന്നുവെന്നും, എന്നാൽ സുഖ്ജീത് കൗറിന് കാനഡയിൽ വളരെ ചുരുക്കം ആളുകൾ മാത്രമാണ് സുഹൃത്തുക്കളായുണ്ടായിരുന്നതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.

ഇരട്ടക്കൊലപാതകത്തെക്കുറിച്ചും തുടർന്നുണ്ടായ വാഹനത്തിന് തീപിടിച്ച സംഭവത്തെക്കുറിച്ചുമുള്ള കേസ് ഇപ്പോൾ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. സറെ പൊലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും ബ്രിട്ടിഷ് കൊളംബിയ കൊറോണേഴ്സ് സർവീസിന്റെയും നേതൃത്വത്തിൽ ഊർജിതമായ അന്വേഷണമാണ് നടന്നുവരുന്നത്. കുറ്റവാളികളെ പിടികൂടാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും പരിശോധിച്ചുവരികയാണെന്ന് ഐഎച്ച്ഐടി വക്താവ് സർജന്റ് ഫ്രെഡ ഫോങ് അറിയിച്ചു.

Fashion ⏭️

Back to top button