യുഎഇയിൽ ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ദുബായ് ∙ വരും വ്യാഴാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. വടക്കൻ, കിഴക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലും പകൽസമയം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചിലയിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. കൂടാതെ, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
അന്തരീക്ഷത്തിലെയും ഉപരിതലത്തിലെയും ന്യൂനമർദങ്ങളുടെ സംയുക്ത സ്വാധീനമാണ് ഇത്തരമൊരു കാലാവസ്ഥാ മാറ്റത്തിന് വഴിതുറക്കുന്നത്. വടക്കുപടിഞ്ഞാറ്, തെക്കുകിഴക്ക് ദിശകളിൽ നിന്നായിരിക്കും കാറ്റിന്റെ സഞ്ചാരം. ഉൾനാടൻ പ്രദേശങ്ങളിലും മലനിരകളിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും ചില അവസരങ്ങളിൽ ഇത് 45 കിലോമീറ്റർ വരെ ഉയർന്നേക്കാം. തീരദേശങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മേഘാവൃതമായ സാഹചര്യത്തിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വരുന്ന ശനി, ഞായർ ദിവസങ്ങളിൽ കാലാവസ്ഥ ശാന്തമായിരിക്കുമെന്നും തെളിഞ്ഞതോ അല്ലെങ്കിൽ ഭാഗികമായി മേഘാവൃതമോ ആയ അന്തരീക്ഷമായിരിക്കും കാണപ്പെടുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എന്നിരുന്നാലും രാത്രി സമയങ്ങളിൽ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ വീണ്ടും വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ പെയ്യുമെന്നും, തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി പടിഞ്ഞാറൻ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.




