ചാല കവർച്ച: വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണം കണ്ടെത്തി; പ്രതി അനൂപ് തെളിവ് നൽകി

തിരുവനന്തപുരം ചാലയിലെ ജ്വല്ലറി ഉടമയായ നന്ദകുമാറിനെ ആക്രമിച്ച് കവർച്ച ചെയ്ത സ്വർണത്തിൽ വലിയൊരു ഭാഗം പൊലീസ് കണ്ടെടുത്തു. വെള്ളായണി ക്ഷേത്രത്തിന് സമീപമുള്ള വിജനമായ പറമ്പിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പിടിയിലായ പ്രതികളിലൊരാളായ അനൂപ് പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ.
കഴിഞ്ഞദിവസം വയനാട്ടിൽ വെച്ച് കാറിൽ നിന്ന് പിടിച്ചെടുത്ത 450 ഗ്രാം സ്വർണം മാത്രമാണ് തങ്ങൾ കവർന്നതെന്നും, 2 കിലോ സ്വർണം നഷ്ടപ്പെട്ടെന്ന ഉടമയുടെ പരാതി അടിസ്ഥാനരഹിതമാണെന്നുമുള്ള പ്രതികളുടെ വാദം ഇതോടെ പൊളിഞ്ഞു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ വീണ്ടെടുത്ത ആകെ സ്വർണം 202 പവനായി ഉയർന്നു.
അമോൽ, അനിൽ, അനൂപ് രാജ്, ആന്റണി, ദിലീപ്, ശ്രാവൺ എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വർണം ഒളിപ്പിച്ച വിവരങ്ങൾ പുറത്തുവന്നത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കേസിൽ ഗൂഢാലോചന നടന്നതായി വ്യക്തമായ സാഹചര്യത്തിൽ, മാളവിക ജ്വല്ലറി ഉടമ ജയറാമിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. കവർച്ചയുടെ ആസൂത്രണം നടത്തിയത് ജയറാം ആണെന്ന് പ്രതികളായ അനൂപും അമോലും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനാണ് പൊലീസ് പദ്ധതിയിടുന്നത്.
നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്ന സ്വർണം കണക്കിൽപ്പെടാത്തതായതിനാൽ അദ്ദേഹം പൊലീസിൽ പരാതി നൽകാൻ മടിക്കുമെന്ന പ്രതികളുടെ കണക്കുകൂട്ടലുകൾ പിഴച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കടന്ന പ്രതികൾ, യാത്രാമധ്യേ സ്വർണത്തിന്റെ ചെറിയൊരു ഭാഗം വിറ്റഴിച്ചതായാണ് സൂചനകൾ. തങ്ങളുടെ ബിസിനസ് മേഖലയിൽ നന്ദകുമാർ ഉയർത്തുന്ന കടുത്ത വെല്ലുവിളികളാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതിയായ അമോൽ പൊലീസിനോട് സമ്മതിച്ചു.




