ഡൽഹിയിൽ തായ് എയർവേയ്സ് അടിയന്തരമായി ഇറക്കി; യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിയത് രണ്ടര മണിക്കൂർ

ന്യൂഡൽഹി: ജർമനിയിലെ മ്യൂണിക്കിൽ നിന്ന് തായ്ലൻഡിലെ ബാങ്കോക്കിലേക്ക് യാത്ര തിരിച്ച തായ് എയർവേയ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ അടിയന്തരമായി ഇറക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 1.35-ന് മ്യൂണിക്കിൽ നിന്നും പറന്നുയർന്ന TG925 എയർബസ് A350-900 വിമാനത്തിലാണ് എൻജിൻ തകരാർ അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ ബാങ്കോക്കിൽ എത്തേണ്ടിയിരുന്ന വിമാനത്തിന്റെ എൻജിനുകളിൽ ഒന്ന് പ്രവർത്തനരഹിതമായതായി പൈലറ്റുമാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ മുൻകരുതൽ നടപടിയെന്നോണം വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചതോടെ യാത്രക്കാർ വലിയൊരു അപകടത്തിൽ നിന്നാണ് ഒഴിവായത്. ജർമനിയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലേക്ക് മടങ്ങുകയായിരുന്ന നിരവധി പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് ഈ സംഭവം വലിയ ആശങ്കയാണ് സമ്മാനിച്ചത്.
മ്യൂണിക്ക്–ബാങ്കോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന TG925 വിമാനം മുൻപും ഇത്തരം അനിഷ്ട സംഭവങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 2025 ഓഗസ്റ്റിൽ ഇതേ റൂട്ടിൽ സഞ്ചരിച്ചിരുന്ന വിമാനത്തിന് ശക്തമായ വായുചുഴലിക്കാറ്റിൽ പെടുകയും, സംഭവത്തിൽ അഞ്ചു യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ നാലുപേരുടെ പരുക്ക് ഗുരുതരമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.




