ഇതാണ് പറ്റിയ സമയം; വില കൂടുമ്പോൾ സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടുന്നവർ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനുവരി അവസാനത്തോടെയും ഫെബ്രുവരി ആദ്യവാരത്തിലും സ്വർണവില ഒരുപോലെ ഉയരുകയും ഇടിവ് സംഭവിക്കുകയും ചെയ്തു. പവൻവിലയിൽ 9000ൽ അധികം രൂപ വരെ ഇടിവ് സംഭവിച്ച ദിവസവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ വെള്ളിനിരക്കിലും സമാനമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആഗോളവിപണയിൽ സംഭവിക്കുന്ന ഒരു ചെറിയ മാറ്റംപോലും സ്വർണനിരക്കിനെ വലിയ രീതിയിൽ സ്വാധീനിക്കുകയാണ്.
അതിനാൽതന്നെ സ്വർണത്തെ ഭാവിയിലെ വൻനിക്ഷേപമായി കണ്ട് വലിയ അളവിൽ വാങ്ങിക്കൂട്ടുന്ന പ്രവണതയാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ചിലർ ബാങ്കുകളിൽ നിന്ന് വായ്പ വരെ എടുത്ത് സ്വർണം വാങ്ങുന്നുണ്ട്. ഇത്തരത്തിൽ ആവേശപൂർവം സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. സ്വർണം എപ്പോഴും ഒരു ആദായം നൽകുന്ന ആസ്തിയാണ്. അഞ്ചുമുതൽ ആറുവർഷത്തേക്ക് ചെറിയ തുകകൾ മാറ്റിവയ്ക്കുന്നതുവഴി ഭാവിയിൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കും.
2. സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ ആകെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിഹിതം സംയുക്തമായി പത്ത് ശതമാനത്തിൽ കൂടാൻ പാടില്ല. ഇത് നിക്ഷേപത്തിൽ വൈവിദ്ധ്യം നിലനിർത്താനും പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും സഹായിക്കും.
വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സ്വർണം ഒരു തന്ത്രപ്രധാനമായ ആസ്തിയായി തുടരുന്നു. എന്നാൽ വൈകാരികമായ തീരുമാനങ്ങൾക്ക് പകരം കൃത്യമായ ആസൂത്രണത്തോടെയുള്ള നിക്ഷേപമാണ് ഗുണകരമാവുക.
3. നിലവിൽ സ്വർണത്തിൽ നിക്ഷേപമുള്ളവർ അത് തുടരുന്നതാണ് നല്ലത്. എന്നാൽ പുതുതായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഒന്നിച്ച് വലിയ തുക നിക്ഷേപിക്കുന്നതിനുപകരം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി ചെറിയ തുകകളായി നിക്ഷേപിക്കുന്നതാണ് നല്ലത്. ഇത് വിപണിയിലെ വില വ്യതിയാനങ്ങളിൽ നിന്നുള്ള റിസ്ക് കുറയ്ക്കാൻ സഹായിക്കും.
4. വെള്ളിവില വർദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ വിപണി അസ്ഥിരമാണ്. അതിനാൽ വലിയ റിസ്ക് എടുക്കാൻ തയ്യാറുള്ളവർ മാത്രം വെള്ളിയിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. വിലയിൽ പെട്ടെന്നുണ്ടാകുന്ന ഇടിവുകൾ നേരിടാൻ നിക്ഷേപകർ സജ്ജരായിരിക്കണം. വെള്ളിയുടെ വിലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ മിതമായ നിക്ഷേപം മാത്രമാണ് സുരക്ഷിതം.
Source link



