കോഴിക്കോട്ട് പടരുന്ന ഡെങ്കിയും മീസിൽസും: ഡി.എം.ഒ ഓഫീസിൽ നാഥനില്ലാത്ത അവസ്ഥ

കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ ഭീഷണി ഉയർത്തുമ്പോഴും, ജില്ലയിലെ ആരോഗ്യമേഖലയുടെ കടിഞ്ഞാൺ പിടിക്കേണ്ട ഡി.എം.ഒ ഓഫീസ് നാഥനില്ലാതെ തുടരുന്നു. കഴിഞ്ഞ മാസം 26 മുതൽ ഡി.എം.ഒ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ഉണ്ടായിരുന്ന അഡീഷണൽ ഡി.എം.ഒയെ തൃശൂരിലേക്ക് ഡി.എം.ഒയായി സ്ഥലം മാറ്റിയതോടെ ആ ഒഴിവ് നികത്താനോ പകരം ആളെ നിയമിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. നിലവിലുള്ള ഒരേയൊരു അഡീഷണൽ ഡി.എം.ഒയുടെ ചുമലിലാണ് ഡി.എം.ഒയുടെ അധികച്ചുമതല കൂടി അടിച്ചേൽപ്പിച്ചിരിക്കുന്നത്.
പുതിയ ഡി.എം.ഒ ആയി ഡോ. രാജേന്ദ്രനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെങ്കിലും, തിരുവനന്തപുരത്തെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന അദ്ദേഹം ഇതുവരെ കോഴിക്കോട്ട് ചുമതലയേറ്റിട്ടില്ല. നേതൃത്വത്തിൽ വന്ന ഈ കടുത്ത പ്രതിസന്ധി ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെയാകെ താറുമാറാക്കിയിരിക്കുകയാണ്. മീസിൽസ് പടർന്നുപിടിക്കുന്നത് സ്കൂളുകളുടെയും അങ്കണവാടികളുടെയും പ്രവർത്തനങ്ങളെപ്പോലും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ അങ്കണവാടി കുട്ടികൾക്കിടയിൽ തക്കാളിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
തുടർച്ചയായി പെയ്യുന്ന മഴ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങൾ പെരുകാൻ കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ആളില്ലാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സർക്കാർ ആശുപത്രികളിലെ കണക്കുകൾ പരിശോധിച്ചാൽ പോലും സ്ഥിതി അതീവ ഗുരുതരമാണ്. ഈ മാസം 13-ാം തീയതി മാത്രം അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 15 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമാണ്. ഒന്നു മുതൽ 13 വരെ മാത്രം 62 പേർക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോൾ 221 പേർ സംശയാസ്പദമായ പട്ടികയിലാണ്.
അഞ്ചാംപനി (മീസിൽസ്) ബാധിച്ചവരുടെ എണ്ണം 13-ാം തീയതി ആയപ്പോഴേക്കും 82 ആയി ഉയർന്നു. മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും ആശങ്കപ്പെടുത്തുന്നതാണ്. ഇടവിട്ടുള്ള മഴയാണ് രോഗങ്ങൾ പടരാൻ പ്രധാന സാഹചര്യമൊരുക്കുന്നത്. കൂടാതെ, ഷിഗല്ല, മലേറിയ, ചെള്ളുപനി എന്നിവയും ജില്ലയുടെ പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ നയിക്കാൻ ആരുമില്ലാത്തത് പൊതുജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.




