2027-ൽ വിപണിയിലേക്ക് അഞ്ച് പുതിയ ഹ്യുണ്ടേയ് – കിയ എസ്യുവികൾ

ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് സ്വന്തമായ ഒരിടം നേടിയെടുക്കാൻ സാധിച്ച അപൂർവ്വം വിദേശ ബ്രാൻഡുകളിൽ ഒന്നാണ് ഹ്യുണ്ടേയ്. രാജ്യത്തെ വിപണിയിൽ കൈവരിച്ച ഈ നേട്ടങ്ങൾ നിലനിർത്തി മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് ഈ ദക്ഷിണ കൊറിയൻ കമ്പനി. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയും കിയയും സംയുക്തമായി അഞ്ച് പുതിയ എസ് യുവികൾ 2027-ഓടെ വിപണിയിൽ എത്തിക്കാൻ പദ്ധതിയിടുകയാണ്. എസ് യുവി പ്രേമികളെ സംബന്ധിച്ചിടത്തോളം 2027 ഏറെ ആകാംക്ഷ നിറഞ്ഞ വർഷമായിരിക്കുമെന്നുറപ്പാണ്. വരാനിരിക്കുന്ന ആ പ്രധാന വാഹനങ്ങളെക്കുറിച്ച് താഴെ പരിശോധിക്കാം.
ഹ്യുണ്ടേയ് ബയോൺ സിഎൻജി
ഹ്യുണ്ടേയ് അടുത്തിടെ വിപണിയിലെത്തിച്ച മിഡ് സൈസ് എസ് യുവിയായ ബയോണിന്റെ സിഎൻജി പതിപ്പ് 2027 ജനുവരി മാസത്തോടെ നിരത്തിലെത്തും. വെന്യുവിനും ക്രേറ്റയ്ക്കും ഇടയിലുള്ള ഒരു മോഡലായാവും ബയോൺ സിഎൻജിയും സ്ഥാനം പിടിക്കുക. നിലവിൽ ഈ വാഹനത്തിലുള്ള 1.5 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് എൻജിൻ തന്നെയായിരിക്കും സിഎൻജി പതിപ്പിനും കരുത്തേകുക. 115 പിഎസ് പവറും 144 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഈ എൻജിനിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാകും.
എക്സ്റ്ററിൽ കണ്ടതുപോലെ ഇരട്ട സിലിണ്ടർ സംവിധാനമായിരിക്കും ബയോൺ സിഎൻജിയിലും ഉണ്ടാവുകയെന്നാണ് സൂചനകൾ, എന്നാൽ കമ്പനി ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കിൽ സിഎൻജി കാറുകളുടെ പ്രധാന പോരായ്മയായ ഡിക്കി സ്പേസ് നഷ്ടപ്പെടുന്ന സാഹചര്യം മറികടക്കാൻ സാധിക്കും. 12.3 ഇഞ്ചിന്റെ ഇരട്ട ഡിസ്പ്ലേകൾ, പനോരമിക് സൺറൂഫ്, മികച്ച ഓഡിയോ സിസ്റ്റം, ആറ് എയർബാഗുകൾ, ലെവൽ 2 അഡാസ് സംവിധാനം തുടങ്ങി അത്യാധുനിക ഫീച്ചറുകളോടെയാണ് ബയോൺ എത്തുക.
ഹ്യുണ്ടേയ് അയോണിക് പി
അത്യാധുനിക ഇൻഫോടെയിൻമെന്റ് സംവിധാനവും ലെവൽ 2 അഡാസ് സുരക്ഷാ സൗകര്യങ്ങളും കോർത്തിണക്കിയാണ് അയോണിക് പി വിപണിയിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിലുള്ള ഹ്യുണ്ടേയുടെ പ്ലാന്റിലായിരിക്കും ഇതിന്റെ ഉൽപ്പാദനം. ഏകദേശം 12 ലക്ഷം രൂപ മുതലായിരിക്കും ഇതിന്റെ പ്രാരംഭ വില. ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ ഇവി തുടങ്ങിയ വാഹനങ്ങളോടായിരിക്കും അയോണിക് പി വിപണിയിൽ ഏറ്റുമുട്ടുക.
മൂന്നാം തലമുറ ഹ്യുണ്ടേയ് ക്രേറ്റ
ഹ്യുണ്ടേയ് ക്രേറ്റയുടെ മൂന്നാം തലമുറ പതിപ്പ് 2027-ന്റെ മധ്യത്തോടെ റോഡുകളിൽ സജീവമാകും. കെ3 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ വാഹനം ഇന്ത്യയിലും ദക്ഷിണ കൊറിയയിലും പരീക്ഷണ ഓട്ടങ്ങൾ നടത്തിക്കഴിഞ്ഞു. കിയ സെൽറ്റോസ് ഉപയോഗിക്കുന്ന അതേ പ്ലാറ്റ്ഫോമാണിത്. ബോക്സി ആകൃതിയിലുള്ള ഗ്രില്ല്, സ്പ്ലിറ്റ് എൽഇഡി ഹെഡ്ലൈറ്റുകൾ, ഡിആർഎല്ലുകൾ എന്നിവ ഡിസൈനിൽ വരുത്തുന്ന പ്രധാന മാറ്റങ്ങളാണ്. വാതിലുകളോട് ചേർന്നിരിക്കുന്ന ഫ്ലഷ് ടൈപ്പ് ഹാൻഡിലുകൾ, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ പുതിയ ക്രേറ്റയ്ക്ക് കൂടുതൽ ആകർഷണീയത നൽകുന്നു.




