മസൂദ് അസ്ഹറും ഹാഫിസ് സയീദും പുതിയ താവളത്തിലേക്ക്; അജ്ഞാത ആക്രമണ ഭീതിയിൽ ഭീകരർ

ഇന്ത്യയിൽ നടന്ന മാരകമായ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരായ ഹാഫിസ് സയീദും മസൂദ് അസ്ഹറും തങ്ങളുടെ താവളങ്ങൾ പാക്കിസ്ഥാനിലെ കൂടുതൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) കർശനമായ സുരക്ഷാ വലയത്തിലുള്ള കേന്ദ്രങ്ങളിലേക്കാണ് ഇരുവരും മാറിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകനായ ഹാഫിസ് സയീദ്, ലഹോറിലെ ജൊഹാർ ടൗണിൽനിന്നും പാക് സൈനിക ആസ്ഥാനത്തിന് സമീപമുള്ള റാവൽപിണ്ടിയിലെ ഗാരിസൻ മേഖലയിലേക്ക് മാറിത്താമസിച്ചു. അതേസമയം, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള സുരക്ഷിത കേന്ദ്രത്തിലേക്കാണ് താവളമടിച്ചത്.
തങ്ങൾക്ക് നേരെ ഉയരുന്ന അജ്ഞാതരുടെ വെടിവെപ്പുകളെയും കൊലപാതകങ്ങളെയും ഭയന്നാണ് ഭീകരനേതാക്കൾ ഇത്തരമൊരു ഒളിച്ചോട്ടത്തിന് തയ്യാറായത്. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഭീകരവാദികളുടെ കേന്ദ്രങ്ങളെ വലിയ തോതിൽ തകർത്തിരുന്നു. ഇതിനുശേഷം പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പല ഭീകരരും നിഗൂഢമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ ഭീതിയാണ് ഇപ്പോൾ താവളങ്ങൾ മാറ്റാൻ ഇവരെ പ്രേരിപ്പിച്ചത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇനിയും ശക്തമായ തിരിച്ചടികൾ ഉണ്ടായേക്കുമെന്ന ആശങ്കയും പാക്കിസ്ഥാനിലെ സുരക്ഷാ ഏജൻസികൾ പങ്കുവെക്കുന്നു.




