NEWS

ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെ സ്ഫോടനം; റിയാദിൽ ഹൂതി വ്യോമാക്രമണം

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് എണ്ണ ടാങ്കറുകൾ സ്ഫോടനത്തിൽ തകർന്ന് തീപിടിച്ചു. നിരോധിത മേഖലയിലൂടെ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ഇറാൻ നാവികസേന വ്യക്തമാക്കി. ഇതിനിടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനു നേരെ വീണ്ടും ഹൂതി വിമതരുടെ വ്യോമാക്രമണം ഉണ്ടായി. എന്നാൽ, ആക്രമണത്തിനെത്തിയ രണ്ട് ഡ്രോണുകൾ സഖ്യസേന വെടിവെച്ചിട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇറാഖിന്റെ വ്യോമാതിർത്തി 72 മണിക്കൂർ നേരത്തേക്ക് അടച്ചിട്ടുവെന്ന പ്രചരിക്കുന്ന വാർത്തകളെ സൈനിക വൃത്തങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇറാഖിന്റെ വ്യോമപാത സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. യുഎസ്–ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി 7000-ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവേ അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. തന്ത്രപ്രധാനമായ നിർമിതികൾക്കും സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളിൽ നിരവധി സൈനികരും നിരപരാധികളായ പൗരന്മാരും കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button