NEWS

മീനങ്ങാടി സ്കൂൾ വിനോദയാത്ര: ബാറിൽ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സിസിടിവി ദൃശ്യങ്ങൾ

കൽപ്പറ്റ: മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെ, സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യശാല സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. ഹൈദരാബാദിലെ നമ്പള്ളിയിലുള്ള ബോംബെ ബാർ ആന്റ് റെസ്റ്റോറന്റിൽ ഇരുവരും ഒന്നിച്ചെത്തുന്നതും തിരികെ മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. ബാറിലെ മദ്യപാനത്തിനായുള്ള 1100 രൂപയുടെ ബിൽ, പിടിഎ പ്രസിഡന്റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച് പണമടച്ചതിന്റെ രേഖകളും ഇതോടൊപ്പം ലഭ്യമായിട്ടുണ്ട്.

യാത്രയിലുണ്ടായിരുന്ന വിദ്യാർത്ഥികളിൽ പകുതിയോളം പേർ താമസിച്ചിരുന്നത് ബാറിന് അഭിമുഖമായി പ്രവർത്തിക്കുന്ന ഹൈലൈറ്റ് ഹോട്ടലിലായിരുന്നു. പകൽ സമയത്ത് പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിലേക്ക് കടന്നുപോകുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായത്.

അതിനിടെ, വിനോദയാത്രയ്ക്കിടെ മദ്യപിച്ചു എന്നാരോപിച്ച് മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ താൽക്കാലികമായി സ്റ്റേ ചെയ്തു. സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷിവി കൃഷ്ണ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ട്രിബ്യൂണലിന്റെ ഇടപെടൽ.

പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം പിൻവലിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സ്കൂളിൽ പഠിപ്പുമുടക്കി പ്രതിഷേധിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചത്. നേരത്തെ മദ്യപാന ആരോപണവുമായി ബന്ധപ്പെട്ട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർഡിഡി) നടത്തിയ അന്വേഷണത്തിൽ പ്രിൻസിപ്പൽ മദ്യപിച്ചതായി തെളിയിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും, സർക്കാർ മാർഗനിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്ന് ആർഡിഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

Sports ⏭️

Read News ⏭️

Back to top button