NEWS

പിഎം സൂര്യ ഘർ എക്‌സലൻസ് പുരസ്‌കാരം: മലയാളി യുവ സംരംഭകന് അംഗീകാരം

തരുൺ കപൂറിൽ നിന്ന് അഭിജിത്ത് പിഎം സൂര്യ ഘർ എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ

ന്യൂഡൽഹി: കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ (MNRE) സുപ്രധാനമായ ‘പിഎം സൂര്യ ഘർ എക്‌സലൻസ് അവാർഡ്’ കരസ്ഥമാക്കി മലയാളി സംരംഭകന്റെ നേട്ടം. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിൽ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന’ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് SPAHJ ഇന്ത്യ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഈ ദേശീയ ബഹുമതിക്ക് അർഹമായത്.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവായ തരുൺ കപൂറിൽ നിന്ന് കമ്പനി സിഇഒ അഭിജിത്ത് എ അവാർഡ് ഏറ്റുവാങ്ങി. ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് & എക്‌സ്‌പോ 2026, ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ഒൻപതാമത് ജനറൽ അസംബ്ലി, നാലാമത് ഗ്രീൻ ഹൈഡ്രജൻ അന്താരാഷ്ട്ര സമ്മേളനം എന്നിവയോടനുബന്ധിച്ചായിരുന്നു പുരസ്‌കാര വിതരണച്ചടങ്ങ് നടന്നത്.

രാജ്യമെമ്പാടുമുള്ള ഒരു കോടി വീടുകളിലേക്ക് സൗരോർജ്ജ സൗകര്യം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന് നൽകിയ മികച്ച സംഭാവനകളെ മാനിച്ച്, മികച്ച വെണ്ടർമാർ, ബ്രാൻഡ് പ്രതിനിധികൾ, കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ എന്നിവർക്കാണ് ഈ അംഗീകാരം നൽകിവരുന്നത്. തിരുവനന്തപുരം പാപ്പനംകോട് സ്ഥിതി ചെയ്യുന്ന ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗിലെ (SCT College of Engineering) പ്രശസ്ത പൂർവ്വ വിദ്യാർത്ഥിയാണ് അഭിജിത്ത്.

Sports ⏭️

Read News ⏭️

Back to top button