NEWS

ചങ്ങനാശേരി സ്റ്റേഷന് മുന്നിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം; കൊലവിളിയുമായി പ്രതികളുടെ പരാക്രമം

ചങ്ങനാശേരി നഗരത്തെ ഭീതിയിലാഴ്ത്തിയ അക്രമികൾ പൊലീസ് സ്റ്റേഷനിലും വ്യാപകമായ അഴിഞ്ഞാട്ടം നടത്തി. തിങ്കളാഴ്ച രാത്രി പത്തു മണി മുതൽ പിറ്റേന്ന് പുലർച്ചെ അഞ്ചു മണിവരെ ചങ്ങനാശേരി സ്റ്റേഷൻ പരിസരം അക്ഷരാർഥത്തിൽ ഒരു യുദ്ധക്കളമായി മാറി. അക്രമികളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സംഘത്തിലെ ഒരാൾ എസ്ഐയുടെ നെഞ്ചിൽ കടിക്കുകയും ചെയ്തു.

നഗരത്തിലെ ബാറിലും കടയിലും അതിക്രമം അഴിച്ചുവിട്ടതിന് പിന്നാലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. ചെത്തിപ്പുഴ കാഞ്ഞിരത്തുവീട്ടിൽ സാജു ജോജോ (32), കുറിച്ചി വടക്കേകുട്ട വീട്ടിൽ മിഥുൻ തോമസ് (38), അഭിഭാഷകനായ ചങ്ങനാശേരി പുത്തൻവീട്ടിൽ ജുബിൻ (33) എന്നിവരാണ് പിടിയിലായത്. ഇവർ നേരത്തെയും പല ക്രിമിനൽ കേസുകളിലും പ്രതികളാണ്.

സ്റ്റേഷനിലെത്തിച്ച ശേഷവും അക്രമം തുടർന്ന പ്രതികൾ പൊലീസിന് തലവേദനയായി. ലഹരിയുടെ പിടിയിലായിരുന്ന മിഥുൻ, ഒപ്പമുണ്ടായിരുന്ന സാജുവിനെ സെല്ലിനുള്ളിലിട്ട് മർദിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഉടൻതന്നെ പൊലീസ് ഇടപെട്ട് മിഥുനെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഈ സമയം പ്രകോപിതനായ മിഥുൻ എസ്ഐ റയ്നോൾഡിന്റെ നെഞ്ചിൽ കടിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതേസമയം തന്നെ സ്റ്റേഷനുള്ളിൽ ജുബിൻ അസഭ്യവർഷം നടത്തിയും അക്രമാസക്തനായും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പ്രതികൾ പിടിയിലായെന്ന വിവരം അറിഞ്ഞ് ഇവരുടെ കൂട്ടാളികൾ സംഘം ചേർന്ന് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയത് സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്ന് സമീപത്തെ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് സേനയെത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

Fashion ⏭️

Back to top button