നാഗാർജുനയുടെ കിംഗ് 100: തബുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

അക്കിനേനി നാഗാർജുനയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ നൂറാമത്തെ ചിത്രം ‘കിംഗ് 100’-ൽ ശ്രദ്ധേയമായ വേഷത്തിൽ തബു എത്തുന്നു. ‘മഹന്തി ഝാൻസി റാണി’ എന്ന രാജകീയ പ്രൗഢിയുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തബുവിന്റെ അമ്പത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കഥാപാത്രത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന ഒരു പ്രത്യേക വീഡിയോ ദൃശ്യവും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
ഒരു പഴയകാല റേഡിയോ ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് നാഗാർജുന പ്രത്യക്ഷപ്പെടുന്നത്. ഒരു കാലത്ത് തെലുങ്ക് സിനിമാലോകത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയജോഡികളായി തിളങ്ങിയവരാണ് നാഗാർജുനയും തബുവും. നീണ്ട ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. ‘നിന്നെ പെല്ലാഡുത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളടക്കം നിരവധി സിനിമാപ്രേമികളുടെ മനംകവർന്ന ഈ ജോഡികളുടെ തിരിച്ചുവരവ് വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
രാം കാർത്തിക് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദാണ്. അന്നപൂർണ്ണ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.




