പി.എസ്.സി സ്പെഷ്യൽ റൂൾ: 33 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം

താത്കാലിക നിയമനങ്ങൾക്ക് തടയിടാൻ കർശന നടപടിയുമായി സർക്കാർ
തിരുവനന്തപുരം: പി.എസ്.സി അനുമതി വൈകിപ്പിച്ച് താത്കാലിക നിയമനങ്ങൾക്ക് വഴിമരുന്നിടുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ നീക്കം. വകുപ്പുകൾ സമർപ്പിക്കുന്ന സ്പെഷ്യൽ റൂളുകളിൽ 33 ദിവസത്തിനുള്ളിൽ പി.എസ്.സി മറുപടി നൽകണമെന്ന നിബന്ധനയോടെ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഉത്തരവിറക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രതികരണം ലഭിച്ചില്ലെങ്കിൽ, വകുപ്പ് മന്ത്രിയുടെ അനുമതിയോടെ സർക്കാരിന് സ്വന്തം നിലയിൽ സ്പെഷ്യൽ റൂൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യാം.
സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്പെഷ്യൽ റൂളുകൾ അനിശ്ചിതമായി നീളുന്നത് വ്യാപകമായ താത്കാലിക നിയമനങ്ങൾക്ക് കാരണമാകുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. ഒമ്പത് വർഷത്തോളം സ്പെഷ്യൽ റൂൾ രൂപീകരിക്കാതെ കിടക്കുന്ന സാഹചര്യമുണ്ട്. കമ്മീഷൻ യോഗം ചേരണമെന്നതടക്കമുള്ള സാങ്കേതിക കാരണങ്ങൾ നിരത്തി പി.എസ്.സി നടപടികൾ വൈകിപ്പിക്കാറുണ്ട്. ഇത് മറികടക്കാനാണ് പുതിയ ഭേദഗതി.
വകുപ്പുകൾ തയ്യാറാക്കുന്ന സ്പെഷ്യൽ റൂൾ കരട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ സ്വീകരിച്ച് അന്തിമമാക്കണം. നിയമ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം പി.എസ്.സിയുടെ ഉപദേശത്തിനായി അയക്കും. പി.എസ്.സി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മൂന്ന് ദിവസത്തെ അധിക സാവകാശവും നൽകും. ഇതിനുശേഷവും നടപടിയുണ്ടായില്ലെങ്കിൽ സർക്കാരിന് മുന്നോട്ട് പോകാം. മന്ത്രിസഭയുടെ അനുമതിയില്ലാതെ തന്നെ ഈ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. 90 ദിവസത്തിനുള്ളിൽ സ്പെഷ്യൽ റൂൾ പ്രക്രിയ പൂർത്തിയാക്കിയിരിക്കണം, അല്ലാത്തപക്ഷം ഇത് ചട്ടലംഘനമായി കണക്കാക്കും.
കെ.എ.എസ് സ്പെഷ്യൽ റൂൾ നടപടികൾ വേഗത്തിലാക്കുന്നു
1. കെ.എ.എസ് നിയമന പ്രക്രിയ വേഗത്തിലാക്കാൻ സ്പെഷ്യൽ റൂൾ അടിയന്തരമായി രൂപീകരിക്കും. കേഡർ സ്റ്റ്രെംഗ്ത് പുനർനിശ്ചയിക്കാനും കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
2. ജനുവരി 30-ന് പ്രാബല്യത്തിൽ വന്ന രണ്ടാം ബാച്ച് റാങ്ക് ലിസ്റ്റിലെ 31 പേരുടെ നിയമനം ഉറപ്പാക്കാനാണിത്. ലിസ്റ്റ് കാലാവധി അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, ഇതുവരെ മൂന്ന് പേർക്ക് മാത്രമാണ് ശുപാർശ നൽകാനായത്.
3. സ്ഥിരം ഒഴിവുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, വയോജന വകുപ്പിലെ നോഡൽ ഓഫീസർ തസ്തികയടക്കം കെ.എ.എസ് കേഡറിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ട്. കൂടാതെ, മറ്റ് വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ കണ്ടെത്തി നിയമനം നടത്താനും സർക്കാർ തയ്യാറെടുക്കുന്നു.




