NEWS

400 കോടിയുടെ തട്ടിപ്പ്: വ്യാജ ചികിത്സാ ബില്ലുകളും വനിതാ ഡോക്ടറുടെ ആഡംബര ജീവിതവും

കലിഫോർണിയ: മെഡികെയർ പദ്ധതിയിൽ കൃത്രിമം കാണിച്ച് 45 മില്യൺ ഡോളറിലധികം (ഏകദേശം 400 കോടി രൂപ) തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർക്ക് 15 വർഷം കഠിനതടവ്. ഗ്ലെൻഡെയ്ൽ നിവാസിയായ 45 വയസ്സുകാരി വയലറ്റ് മൈലിയനാണ് വിചാരണക്കൊടുവിൽ ശിക്ഷിക്കപ്പെട്ടത്. തട്ടിപ്പിലൂടെ അനധികൃതമായി സമ്പാദിച്ച തുക ഉപയോഗിച്ച് ലക്ഷ്വറി വില്ലകളും ആഡംബര വാഹനങ്ങളും വിലകൂടിയ വസ്തുക്കളും ഇവർ സ്വന്തമാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പാണ് ഔദ്യോഗികമായി ശിക്ഷാവിധി പുറത്തുവിട്ടത്.

യഥാർഥത്തിൽ നൽകാത്ത ബോട്ടോക്സ് ഇഞ്ചക്ഷനുകൾ നൽകിയതായി വ്യാജരേഖ ചമച്ച് മെഡികെയറിൽ നിന്ന് വൻ തുക കൈപ്പറ്റിയ കേസിൽ, ഈ വർഷം മേയിൽ സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കലിഫോർണിയയിലെ കോടതി ജൂറി മൈലിയൻ കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ബോട്ടോക്സ് തട്ടിപ്പിന് പുറമേ മറ്റ് പല സാമ്പത്തിക കൃത്രിമങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം തെളിവുകൾ സഹിതം സമർത്ഥിച്ചു.

തീവ്രമായ മൈഗ്രെയ്ൻ അലട്ടുന്ന രോഗികൾക്ക് ചികിത്സയുടെ ഭാഗമായി ബോട്ടോക്സ് കുത്തിവയ്പ്പുകൾ നടത്തുമ്പോൾ മാത്രമാണ് മെഡികെയർ ഇതിനുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നത്. എന്നാൽ, ഇവർ സമർപ്പിച്ച ബില്ലുകൾ പരിശോധിച്ചതിൽ നിന്ന് അത്തരം ചികിത്സകൾ ഒട്ടും നടന്നിട്ടില്ലെന്നും, മൈഗ്രെയ്നുമായി യാതൊരു ബന്ധവുമില്ലാത്ത ആവശ്യങ്ങൾക്കാണ് പണം വകമാറ്റി ചെലവഴിച്ചതെന്നും അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.

Fashion ⏭️

Back to top button