നാൽപത് പിന്നിട്ടവർ ശ്രദ്ധിക്കാൻ: ഹൃദയാരോഗ്യം ഉറപ്പാക്കാൻ ഈ മൂന്ന് പരിശോധനകൾ

പ്രായഭേദമന്യേ യുവാക്കളിലും മധ്യവയസ്കരിലും ഹൃദയസംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും വർധിച്ചുവരുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. തെറ്റായ ഭക്ഷണരീതികൾ, ശാരീരിക അധ്വാനത്തിന്റെ കുറവ്, അമിതഭാരം, വർധിച്ച മാനസിക സമ്മർദം, ജനിതകമായ കാരണങ്ങൾ എന്നിവയെല്ലാം ഹൃദ്രോഗസാധ്യതകളെ ത്വരിതപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും, രോഗം ശരീരം പുറത്തു കാണിക്കുന്നതുവരെ പലരും തങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ വലിയ അനാസ്ഥയാണ് കാണിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, നാല്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർ നിർബന്ധമായും ചെയ്യേണ്ട മൂന്ന് ആരോഗ്യ പരിശോധനകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രക്തസമ്മർദ പരിശോധന: ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്ന പ്രധാന വില്ലനാണ് അനിയന്ത്രിതമായ രക്തസമ്മർദം. പലപ്പോഴും പുറമെ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാക്കാതെയാണ് ഇത് കൂടുന്നത്. അതുകൊണ്ട് തന്നെ 40 വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും ബിപി പരിശോധന നടത്താൻ ശ്രദ്ധിക്കണം. വ്യക്തിയുടെ ആരോഗ്യസ്ഥിതിയും രോഗസാധ്യതകളും മുൻനിർത്തി ചിലർ മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. രക്തസമ്മർദത്തിലുണ്ടാകുന്ന മാറ്റങ്ങൾ നേരത്തേ മനസ്സിലാക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളെ തടയാനും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനും സഹായിക്കും.
ലിപിഡ് പ്രൊഫൈൽ പരിശോധന: രക്തത്തിലെ കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് കൃത്യമായി മനസ്സിലാക്കാൻ ലിപിഡ് പ്രൊഫൈൽ പരിശോധന അത്യാവശ്യമാണ്. മൊത്തം കൊളസ്ട്രോൾ, എച്ച്.ഡി.എൽ (നല്ല കൊളസ്ട്രോൾ), എൽ.ഡി.എൽ (ചീത്ത കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ നിലവാരമാണ് ഇതിലൂടെ പരിശോധിക്കുന്നത്. വിശേഷിച്ചും, എൽ.ഡി.എൽ കൊളസ്ട്രോളിന്റെ വർധനവ് ഒരിക്കലും അവഗണിക്കരുതെന്ന് ഡോക്ടർമാർ കർശനമായി നിർദേശിക്കുന്നു. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഹൃദയ സംബന്ധിയായ രോഗങ്ങൾക്കും ഇത് വലിയൊരു കാരണമാണ്.
രക്തത്തിലെ പഞ്ചസാരയുടെ പരിശോധന: പ്രമേഹവും ഹൃദ്രോഗവും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ പ്രമേഹം അല്ലെങ്കിൽ പ്രീ-ഡയബറ്റിസ് അവസ്ഥയുണ്ടോ എന്ന് കണ്ടെത്താൻ 40 വയസ്സിന് മുകളിലുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ഉറപ്പുവരുത്തണം. രക്തത്തിലെ പഞ്ചസാര സാധാരണയേക്കാൾ കൂടുതലും എന്നാൽ പ്രമേഹരോഗമായി പ്രഖ്യാപിക്കാത്തതുമായ അവസ്ഥയാണ് പ്രീ-ഡയബറ്റിസ്. തുടക്കത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞാൽ ചിട്ടയായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, ശരീരഭാര നിയന്ത്രണം എന്നിവയിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയെ വലിയൊരളവ് വരെ തടഞ്ഞുനിർത്താൻ സാധിക്കും.




