29.67 കോടി രൂപയുടെ കുടിശ്ശിക: രാം ഗോപാൽ വർമ്മയ്ക്കെതിരെ നിർമ്മാണ കമ്പനിയുടെ നോട്ടീസ്

ബോളിവുഡ് ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സിനിമാ നിർമ്മാണ കമ്പനി. 29.67 കോടി രൂപയുടെ കുടിശ്ശിക തീർക്കാനാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നിർമ്മാണ കമ്പനിയുടെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ സംവിധായകനുമായി കരാറിലേർപ്പെടുകയോ മറ്റ് തൊഴിൽപരമായ സഹകരണങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് നിർമ്മാണ സ്ഥാപനം കർഷനമായ മുന്നറിയിപ്പ് നൽകി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്ലാറ്റന്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിയമനടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
നിശ്ചിത തുക തിരിച്ചടയ്ക്കാൻ തയ്യാറായില്ലെങ്കിൽ സംവിധായകൻ നിർമ്മിക്കുന്ന ചിത്രങ്ങളിൽ നിന്നുള്ള വരുമാനത്തിലും അവയുടെ പകർപ്പവകാശത്തിലും തങ്ങൾ അവകാശവാദം ഉന്നയിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 2010-ൽ ഒപ്പിട്ട കരാർ പ്രകാരം, കുടിശ്ശിക പൂർണ്ണമായും കൊടുത്തുതീർക്കുന്നതുവരെ മറ്റ് വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ചേർന്ന് സിനിമകൾ ചെയ്യുന്നതിന് മുൻപ് നിർമ്മാണ കമ്പനിയിൽ നിന്ന് എൻ.ഒ.സി (NOC) നിർബന്ധമായും വാങ്ങിയിരിക്കണം. ഇത് സംബന്ധിച്ച് 2013-ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായവും നോട്ടീസിൽ എടുത്തുപറയുന്നുണ്ട്.
സംവിധായകന്റെ പുതിയ സിനിമകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ നിർമ്മാണ കമ്പനിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി പത്രം കൈക്കലാക്കണം. കരാറിന്റെ പരിധിയിൽ വരുന്ന ചിത്രങ്ങളുടെ അവകാശങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചാൽ ഉണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ബന്ധപ്പെട്ടവർ തന്നെ ഉത്തരവാദികളായിരിക്കുമെന്നും കമ്പനി താക്കീത് നൽകി.
സാമ്പത്തിക ബാധ്യതകളുടെ പേരിൽ രാം ഗോപാൽ വർമ്മ വിവാദങ്ങളിൽപ്പെടുന്നത് ഇതാദ്യമല്ല. 2021-ൽ അദ്ദേഹത്തിന്റെ ‘ഡി കമ്പനി’ എന്ന ചലച്ചിത്രത്തിന്റെ റിലീസ് തടയുന്നതിനായി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനിമ എംപ്ലോയീസ് രംഗത്തെത്തിയിരുന്നു. അന്ന് 12 കോടി രൂപയുടെ കുടിശ്ശികയാണ് അവർ ഉയർത്തിക്കാട്ടിയത്. പുതിയ നിയമനടപടികളിൽ സംവിധായകൻ ഇതുവരെ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. ഹർഷവർദ്ധൻ റാണെ നായകനായി അഭിനയിക്കുന്ന ‘പൊലീസ് കമ്പനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് രാം ഗോപാൽ വർമ്മയിപ്പോൾ.




