NEWS

സോളാർ പ്ലാന്റ് സബ്‌സിഡി: ഗുണഭോക്താക്കളുടെ ആശങ്കയ്ക്ക് വിരാമം

പുരപ്പുറ സോളാർ പ്ലാന്റ്

കാളികാവ്: കെ.എസ്.ഇ.ബിയുടെ നെറ്റ് മീറ്ററുകൾ വിതരണത്തിന് എത്തിയതോടെ, സോളാർ പാനലുകൾ സ്ഥാപിച്ച് മാസങ്ങളായി കാത്തിരുന്ന വീട്ടുടമകൾക്ക് വലിയ ആശ്വാസമായി. സോളാർ സംവിധാനങ്ങൾ പൂർത്തിയായിട്ടും മീറ്റർ ലഭിക്കാത്തതുമൂലം വൈദ്യുതി ഉത്പാദനം തുടങ്ങാൻ കഴിയാതെ വീട്ടുകാരും സോളാർ ഏജൻസികളും ഒരുപോലെ ദുരിതത്തിലായിരുന്നു.

ബാങ്ക് വായ്പയെടുത്തും മറ്റും സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് മീറ്റർ വൈകിയത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനിച്ചത്. വൈദ്യുതി ഉത്പാദനം തുടങ്ങാനായി സ്വകാര്യ ഏജൻസികളിൽ നിന്ന് മീറ്റർ വാങ്ങിയവർക്ക് അയ്യായിരത്തിലധികം രൂപ അധികച്ചെലവ് വന്നിരുന്നു. വായ്പാ തിരിച്ചടവിനൊപ്പം ഈ അധിക സാമ്പത്തിക ബാധ്യത കൂടി ആയതോടെ ഉപഭോക്താക്കൾ വലിയ സമ്മർദ്ദത്തിലായിരുന്നു.

കെ.എസ്.ഇ.ബി നൽകുന്ന മീറ്ററുകൾക്ക് പ്രതിമാസ വാടക ഈടാക്കുന്നുണ്ട്, ഇത് വൈദ്യുതി ബില്ലിനൊപ്പമാണ് അടയ്ക്കേണ്ടത്. അതേസമയം പുറത്തുനിന്ന് മീറ്റർ വാങ്ങുമ്പോൾ ഉപഭോക്താവിന് ഒറ്റത്തവണ വലിയൊരു തുക ചെലവാക്കേണ്ടി വരുന്നു. കെ.എസ്.ഇ.ബിയിൽ നിന്ന് മീറ്റർ ലഭിക്കുമ്പോൾ ഈ വലിയ തുകയുടെ ബാധ്യത ഒഴിവാക്കാം എന്നതുമാത്രമാണ് വ്യത്യാസമെന്ന് അധികൃതർ വ്യക്തമാക്കി.

മീറ്ററുകളുടെ സ്റ്റോക്ക് തീർന്നുപോയതാണ് വിതരണത്തിൽ തടസ്സം നേരിടാൻ കാരണമായതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് മീറ്ററുകൾ വാങ്ങുന്നത് എന്നതിനാൽ, സ്റ്റോക്ക് തീർന്നപ്പോൾ വിതരണം മുടങ്ങുകയായിരുന്നു. ഇതിനിടെ സോളാർ പാനലുകൾ സ്ഥാപിക്കാൻ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതും മീറ്ററുകൾക്ക് കടുത്ത ക്ഷാമമുണ്ടാക്കി.

പുതിയ സ്റ്റോക്ക് എത്തുന്നതോടെ ഒരു മാസത്തിനുള്ളിൽ തന്നെ ആവശ്യക്കാർക്ക് മീറ്ററുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി അധികൃതർ.

RELATED TOPICS: KSEB NET METER, ROOFTOP SOLAR KERALA, SOLAR NET METER INSTALLATION, KSEB SOLAR UPDATE, PURAPPURA SOLAR പദ്ധതി

Sports ⏭️

Read News ⏭️

Back to top button