LIFESTYLE

പഠിച്ചത് എഞ്ചിനീയറിംഗല്ല; 13 വർഷത്തെ പരിശ്രമത്തിലൂടെ പറക്കും കാർ നിർമ്മിച്ച് യുവാവിന്റെ നേട്ടം


പറക്കും വാഹനം: അത്ഭുതമായി ഒരു മലയാളി കാഴ്ച

ഡറാഡൂൺ: ഔദ്യോഗികമായി എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കാതെ, ഇന്റർനെറ്റിലെ വിവരങ്ങൾ മാത്രം അവലംബിച്ച് പറക്കും കാർ വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനാവുകയാണ് ഒരു യുവാവ്. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ രവി തമ്തയാണ് നീണ്ട പതിമൂന്ന് വർഷത്തെ കഠിനമായ ഗവേഷണത്തിനും പരീക്ഷണങ്ങൾക്കും ഒടുവിൽ സ്വന്തമായി ഒരു ഇലക്‌ട്രിക് ഫ്ലൈയിംഗ് കാർ യാഥാർത്ഥ്യമാക്കിയത്. ഹപിഡ സ്‌കൈനെക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ സിംഗിൾ സീറ്റർ വാഹനം കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിജയകരമായി ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇന്റർനെറ്റിലൂടെ നേടിയ അറിവും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

അൽമോറയിലെ ജാഗേശ്വർ ധാമിന് അരികിലുള്ള കഫ്‌ളിഖാൻ എന്ന കൊച്ചു ഗ്രാമത്തിലാണ് രവി തമ്തയുടെ ബാല്യം. ദുഷ്കരമായ മലനിരകളും വളവുകൾ നിറഞ്ഞ റോഡുകളും കാരണം അത്യാവശ്യ ഘട്ടങ്ങളിൽപ്പോലും ആശുപത്രിയിലെത്താൻ മണിക്കൂറുകൾ വേണ്ടിവരുന്ന ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളാണ്, ആകാശമാർഗ്ഗം സഞ്ചരിക്കാവുന്ന ഒരു വാഹനം എന്ന ചിന്തയിലേക്ക് രവിയെ എത്തിച്ചത്. 2015-ൽ ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ട രവി, പിന്നീട് തന്റെ ഉടമസ്ഥതയിലുള്ള ‘ഹപിഡ സ്‌കൈ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലൂടെ ഈ ആശയത്തെ സാങ്കേതികമായി വളർത്തുകയായിരുന്നു.


പരമ്പരാഗത വാഹനങ്ങളിൽനിന്നും വിമാനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു നിർമ്മിതിയാണിത്. റൺവേയുടെ സഹായമൊന്നും കൂടാതെ ലംബമായി ആകാശത്തേക്ക് ഉയരാനും അതേപോലെ തിരികെ താഴെയിറങ്ങാനും കഴിയും വിധമാണ് ഇതിന്റെ രൂപകൽപ്പന. മൾട്ടിറോട്ടർ ഡ്രോണുകളിൽ ഉപയോഗിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യയിൽ, ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകളും പ്രൊപ്പല്ലറുകളും ഇതിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ വാഹനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെങ്കിലും, പൂർണ്ണമായ സുരക്ഷ ഉറപ്പുവരുത്താൻ ഇനിയും നിരവധി സാങ്കേതിക പരിശോധനകളും പരീക്ഷണങ്ങളും അനിവാര്യമാണെന്നാണ് വിവരം. ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളിൽനിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ, വ്യോമയാന ചട്ടങ്ങൾക്കനുസൃതമായി ഈ വാഹനം പൊതുനിരത്തുകളിൽ ഉപയോഗിക്കാൻ സാധിക്കൂ.

നേരത്തെയും ശ്രദ്ധേയമായ നിരവധി കണ്ടുപിടിത്തങ്ങൾക്ക് രവി ചുക്കാൻ പിടിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാനാണ് അദ്ദേഹം എന്നും ശ്രമിക്കാറുള്ളത്. മൊബൈൽ ചാർജിംഗിന് വഴിയൊരുക്കുന്ന ചെരുപ്പ്, കാഴ്ചയില്ലാത്തവർക്ക് സഹായകമാകുന്ന സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, മുള കീറാൻ സഹായിക്കുന്ന യന്ത്രം, നൂതനമായ അഗ്നിശമന സംവിധാനങ്ങൾ എന്നിവ ഇദ്ദേഹത്തിന്റെ മറ്റ് പ്രധാന കണ്ടുപിടുത്തങ്ങളാണ്.

Sports ⏭️

Back to top button