LIFESTYLE

കനത്ത മഴ: നദിയിൽ നൂറുകണക്കിന് അനക്കോണ്ടകൾ പ്രത്യക്ഷപ്പെട്ടതായി വീഡിയോ


വീഡിയോയിൽ നിന്ന്

കൃത്രിമബുദ്ധിയുടെ (എഐ) കടന്നുകയറ്റത്തോടെ സമൂഹമാധ്യമങ്ങളിൽ നിത്യവും പ്രചരിക്കുന്നത് എണ്ണമറ്റ ദൃശ്യവിരുന്നുകളാണ്. ഇതിൽ ഏതാണ് അസ്സൽ, ഏതാണ് തട്ടിപ്പ് എന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. അത്തരത്തിൽ, ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേൻ നദിയിൽ നൂറുകണക്കിന് അനക്കോണ്ടകൾ കൂട്ടത്തോടെ എത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ചാവിഷയം.

ആകാശദൃശ്യങ്ങളിലൂടെ പകർത്തിയ ഈ വീഡിയോയിൽ നദിയിൽ പാമ്പുകൾ നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണുള്ളത്. പ്രജനനകാലമായതുകൊണ്ടാണ് ഇത്രയധികം അനക്കോണ്ടകൾ ഒത്തുചേർന്നതെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. ‘ചാനൽ 6 ക്വീൻസ്‌ലാൻഡ്’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.

‘തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിൽ ദിവസങ്ങളായി പെയ്ത അതിശക്തമായ മഴയെത്തുടർന്ന് ബ്രിസ്‌ബേൻ നദിയിൽ അനക്കോണ്ടകളുടെ അധിനിവേശം ഉണ്ടായിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതൊരു ‘മാസ് ബ്രീഡിംഗ് ഇവന്റ്’ ആണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നദിയിൽ നീന്തുകയോ കയാക്കിങ് നടത്തുകയോ ചെയ്യുന്നവരും ജലാശയത്തിന്റെ പരിസരത്തേക്ക് പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബ്രിസ്‌ബേൻ നിവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്’- ഇതായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.

എങ്കിലും, ഈ ദൃശ്യങ്ങൾ പൂർണ്ണമായും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ശക്തമായ വാദമാണ് ഉയരുന്നത്. ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന അനക്കോണ്ടകൾ ഓസ്‌ട്രേലിയയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ബ്രിസ്‌ബേൻ നദിയിൽ ഇത്രയും വലിയൊരു സംഭവം നടന്നിരുന്നെങ്കിൽ അത് ആഗോളതലത്തിൽ തന്നെ വലിയ വാർത്തയായേനെയെന്നും, അതുകൊണ്ട് തന്നെ വീഡിയോ വ്യാജമാണെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും നിഗമനം.


Sports ⏭️

Back to top button