ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ കുറയും, ഡിസ്കൗണ്ട് ഇവർക്ക്, ഓഫർ ലഭിക്കുന്ന മറ്റ് ഉത്പന്നങ്ങൾ അറിയാം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കേരളത്തിന് 70 വയസ് തികയുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് 70 വയസും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരൻമാർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വില്പന വിലയിൽ നിന്ന് 70 രൂപ കുറച്ച് ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും.
കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദപ സൂചകമായി നവംബർ ഒന്നുമുതൽ 7 വരെയാണ് ഓഫർ. മലയാളത്തിലെ ‘മ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക ഓഫർ ലഭിക്കും. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്നുമുതൽ ഏഴുവരെ സപ്ലൈകോ നിലവിൽ നൽകുന്ന വില്പന വിലയിൽ നിന്ന് 7 ശതമാനം വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.
കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസ മിക്സ് ഉത്പന്നങ്ങൾക്ക് നവംബർ ഒന്നുമുതൽ 30 വരെ വിലക്കുറവും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനും പുറമേയാണിത്.




