SPORTS
ബംഗാളിനെ വിറപ്പിച്ച് കേരളം, ആദ്യ ദിനം ആറു വിക്കറ്റുകൾ നഷ്ടം, ആദിത്യ സർവാതെയ്ക്ക് മൂന്നു വിക്കറ്റ്

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ കരുത്തരായ ബംഗാളിനെ വിറപ്പിച്ച് കേരളം. ആദ്യ ദിവസം മികച്ച ബോളിങ് പ്രകടനവുമായി തകർത്തുകളിച്ച കേരളം ബംഗാളിന്റെ ആറു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിലാണ് ബംഗാൾ. കേരളത്തിന് വേണ്ടി ആദിത്യ സർവാതെ മൂന്നും എൻ.പി. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.പത്ത് റൺസെടുത്ത അഭിമന്യു ഈശ്വരൻ എം.ഡി. നിധീഷിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ആമിർ ഗാനിയും അങ്കുർ പോളും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത ആമിർ ഗാനിയെ പുറത്താക്കി എൻ.പി. ബേസിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. മറുവശത്ത് അനായാസം സ്കോറിങ് തുടർന്ന് അങ്കുർ പോൾ 64 പന്തുകളിൽ അർധസെഞ്ചറി പൂർത്തിയാക്കി.ഇതോടെ അഞ്ച് വിക്കറ്റിന് 108 റൺസെന്ന നിലയിലായ ബംഗാളിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന സുധീപ് കുമാർ ഘരാമിയും ഷഹബാസ് അഹമ്മദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത സുധീപ് കളി അവസാനിക്കുന്നതിന് തൊട്ടുമുൻപത്തെ ഓവറിലാണ് പുറത്തായത്. എൻ.പി. ബേസിലിന്റെ പന്തിൽ അഭിഷേക് നായർ ക്യാച്ചെടുത്താണ് സുധീപ് മടങ്ങിയത്. 35 റൺസെടുത്ത ഷഹബാസ് അഹമ്മദും ഒരു റണ്ണുമായി സുമാന്ത ഗുപ്തയും പുറത്താകാതെ നിൽക്കുന്നു.
Auto ⏭️




