BUSINESS
വിപണി കുലുങ്ങും; ഇന്ത്യയിലെ ടോപ് 3 കമ്പനികളിലൊന്നാകാൻ ജിയോ വരുന്നു, പുതിയ വാരം ലിസ്റ്റിങ്

അടുത്ത വാരം, കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 28, ബുധനാഴ്ച്ചയാണ് റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചുവടു വെയ്പ് നടത്തുന്നത്. ലിസ്റ്റിങ്ങിന് ശേഷം, മാർക്കറ്റ് ക്യാപ് അടിസ്ഥാനത്തിൽ ഇന്ത്യയിലെ മുൻനിര 3 ലിസ്റ്റഡ് കമ്പനികളുടെ ഗണത്തിലേക്കായിരിക്കും ജിയോ എത്തുക. ആകെ കമ്പനികളുടെ മാർക്കറ്റ് ക്യാപ് ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള ഗ്രൂപ്പ് എന്ന റിലയൻസിന്റെ സ്ഥാനം ഒന്നുകൂടി ശക്തിപ്പെടുകയും ചെയ്യും.ജിയോ ഐ.പി.ഒഓഫർ പ്രൈസ് മാത്രം പരിഗണിച്ചാൽ, അപ്പർ പ്രൈസ് ബാൻഡിലെ ലിസ്റ്റിങ് കണക്കാക്കിയാൽപ്പോലും 10.3 ലക്ഷം കോടി രൂപയുടെ വാല്യുവേഷനാണ് ജിയോയുടേത്. 30,188 കോടി രൂപയുടെ ഐ.പി.ഒ, ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ക്ലോസ് ചെയ്തത്. 22.19 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ആകെ ലഭിച്ചത്. പബ്ലിക് ഡിമാൻഡ്, ആങ്കർ ഇൻവെസ്റ്റർ പ്ലേസ്മെന്റ് എന്നിവയുടെ ആകെ ഡിമാൻഡ് 7.4 ലക്ഷം കോടി രൂപ മറികടന്നു. 1.39 കോടി ആപ്ലിക്കേഷനുകളാണ് ഐ.പി.ഒയ്ക്ക് വേണ്ടി ലഭിച്ചത്.സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, ആങ്കർ ബുക്ക് ഒഴിച്ചു നിർത്തി പബ്ലിക് ബിഡ് പരിഗണിച്ചാൽപ്പോലും 4.9 ലക്ഷം കോടി രൂപയുടെ ഡിമാൻഡാണുണ്ടായത്. ഐ.പി.ഒ വഴി ജിയോ പ്ലാറ്റ്ഫോംസ് നടത്തുന്ന ധനസമാഹരണത്തിന്റെ കണക്കിനേക്കാൾ ബിസിനസിന്റെ മൂല്യത്തിനുള്ള ഡിമാൻഡാണ് ഇവിടെ കാണാൻ സാധിക്കുന്നതെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.അതിവേഗത്തിൽ സബ്സ്ക്രിപ്ഷൻജിയോ ഐ.പി.ഒ ആരംഭിച്ച് 100 മിനിറ്റിനുള്ളിൽത്തന്നെ ഇഷ്യു പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഇത്തരത്തിൽ, ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ പൂർണമായി സബ്സക്രൈബ് ചെയ്യുന്ന ഐ.പി.ഒ ആയി ഇത് മാറുകയും ചെയ്തു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിന്റെ (QIB) 5,500 കോടി രൂപയുടെ വിഭാഗം ആദ്യ 10 മിനിറ്റുകൾക്കകം സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.ആങ്കർ ഇൻവെസ്റ്റേഴ്സ് ഒഴികെയുള്ള ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനുകൾ 3.87 ലക്ഷം കോടി രൂപയുടെ ബിഡ് ആണ് സമർപ്പിച്ചത്. ഹൈ നെറ്റ് വർത്ത് വിഭാഗത്തിലെ അപേക്ഷകർ (HNI) 57,000 കോടി രൂപ, റീടെയിൽ നിക്ഷേപകർ 26,000 കോടി രൂപ, ജീവനക്കാർ 1,450 കോടി രൂപ, ഓഹരിയുടമകൾ 19,000 കോടി രൂപ എന്നിങ്ങനെയാണ് ബിഡ് സമർപ്പിച്ചത്. ഷെയർ ഹോൾഡർ റിസർവേഷൻ കാറ്റഗറിയിൽ 7.60 മടങ്ങും, എംപ്ലോയീ വിഭാഗത്തിൽ 2.93 മടങ്ങും അധിക സബ്സ്ക്രിപ്ഷനാണുണ്ടായത്.Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.
Read News




