വിവാഹ മാമാങ്കത്തിന് അനിരുദ്ധ്; ചെലവ് 100 കോടി, സിനിമാലോകം കാണാൻ പോവുന്ന ഏറ്റവും വലിയ കല്യാണം

തെന്നിന്ത്യൻ സംഗീത മാന്ത്രികൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് മേധാവി കലാനിധി മാരന്റെ മകൾ കാവ്യമാരനും തമ്മിലുള്ള വിവാഹത്തിന് ചെലവഴിക്കുന്നത് 100 കോടി രൂപ എന്നു റിപ്പോർട്ട്. തെന്നിന്ത്യൻ സിനിമാലോകം കാണാൻ പോവുന്ന ഏറ്റവും രാജകീയമായ വിവാഹത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ 11ന് ഗ്രീസിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വിവാഹം നടക്കും എന്നാണ് റിപ്പോർട്ട്.
വിവാഹത്തിന് ഇരു കുടുംബങ്ങളും ചേർന്ന് ചെലവഴിക്കുന്നതാണ് 100 കോടി രൂപ. അതിഥികൾക്കായി 4 വലിയ ചാർട്ടേഡ് വിമാനങ്ങളാണ് സജ്ജമാക്കുന്നത്. ഒരു വിമാനത്തിൽ 200 പേരെ ഉൾക്കൊള്ളും. വിമാനച്ചെലവിനും താമസത്തിനും ഭക്ഷണത്തിനുമായി മാത്രം 40 കോടി രൂപ ചെലവഴിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസം, അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ സജ്ജമാക്കും. ഒരാൾക്ക് മാത്രം 35 ലക്ഷത്തോളം രൂപയുടെ ആതിഥേയത്വം. ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് വിവാഹ ആഘോഷം. അടുത്ത ബന്ധു കൂടിയായ തമിഴ് സൂപ്പർ താരം രജനികാന്തും അജിത്ത് കുമാറും കുടുംബ സമേതം പങ്കെടുക്കും.
വിവാഹത്തിൽ രാഷ്ട്രീയ - സിനിമ - ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. നവംബർ 21ന് ചെന്നൈ ഐ.ടി.സി ഗ്രാൻഡ് ചോലയിൽ വമ്പൻ വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അല്ലു അർജുൻ, ശിവ കാർത്തികേയൻ, ഉദയനിധി സ്റ്റാലിൻ എം.എൽ.എ,എം.കെ സ്റ്റാലിൻ, നെൽസൺ, ലോകേഷ് കനകരാജ് തുടങ്ങിയവർ പങ്കെടുക്കും. വിവാഹ സൽക്കാരത്തിന്റെ പിറ്റേന്ന് അടുത്ത സുഹൃത്തുക്കളായ സെലിബ്രിറ്റികൾക്കൊപ്പം ഒത്തുചേരൽ സംഘടിപ്പിക്കാൻ അനിരുദ്ധിന് പദ്ധതിയുണ്ട്.
2025ൽ റെഡ്ഡിറ്റിൽ ആണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന വാർത്ത പ്രത്യക്ഷപ്പെട്ടത്. ഇരു കുടുംബങ്ങളും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാൽ കല്യാണമോ, ഇങ്ങനെ ഓരോന്ന് പറഞ്ഞ് പരത്തല്ലേ എന്നായിരുന്നു അനിരുദ്ധിന്റെ മറുപടി. കുടുംബ വൃത്തങ്ങളിൽ ’അനി” എന്ന് അറിയപ്പെടുന്ന അനിരുദ്ധ് എ.ആർ. റഹ്മാനുശേഷം തെന്നിന്ത്യൻ സിനിമയിൽ പുതിയ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. നടൻ രാഘവേന്ദ്രയുടെയും ക്ളാസിക്കൽ നർത്തകി ലക്ഷ്മി രവിചന്ദറിന്റെയും മകനാണ് അനിരുദ്ധ്. രജനികാന്തിന്റെ ഭാര്യ ലതയുടെ സഹോദരപുത്രനും ആണ് . ധനുഷ് നായകനായി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ’3″ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനിരുദ്ധിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അന്നു മുതൽ ട്രെന്റിംഗ് ഈണം ഒരുക്കുന്നു.
Business ⏭️




